അരങ്ങേറ്റം കുറിച്ച ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി മറ്റൊരു മേഖലയില്‍ നായകനായെത്തുക എന്നതും ഒരു വലിയ ഫാന്‍ബേസ് ഉണ്ടാക്കി എടുക്കുക എന്നതും ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. കാമിയോ ആയി പലരും ഭാഷ മാറി അഭിനയിക്കാറുണ്ടെങ്കിലും ഒരു മാസ് അപ്പീല്‍ എന്നതിനപ്പുറത്തേക്ക് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുക എന്നത് പ്രയാസമാണ്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍.
സെക്കന്‍ഡ് ഷോയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയും മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ തന്റേതായ ഐഡിന്റിറ്റി ഉണ്ടാക്കിയെടുക്കുകയും ചെയ്ത താരം സമീപകാലത്തായി തെലുങ്കിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ടോളിവുഡില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ചെടുത്ത ദുല്‍ഖര്‍ മറ്റൊരു ക്വാളിറ്റി ചിത്രവുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്.
ആകാശത്തില്‍ ഒരു താരകം. Photo: Dulquer Salmaan/ X.com
പവന്‍ സാദിനേനി സംവിധാനം ചെയ്ത ആകാശത്തില്‍ ഒരു താരകം (എ.ടി.ഒ) എന്ന ചിത്രത്തിന് ആദ്യ ദിന ഷോയ്ക്ക് പിന്നാലെ ആഗോള തലത്തില്‍ മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കാന്‍ സാധിച്ചത്. ശക്തമായ മെസേജ് നല്‍കുന്ന, ഇമോഷണലി കണ്ക്ട് ചെയ്യുന്ന ഫീല്‍ ഗുഡ് ചിത്രമായിട്ടായിരുന്നു സംവിധായകന്‍ എ.ടി.ഒ ഒരുക്കിയത്. ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കല്പന (സാത്വിക വീരവള്ളി) എന്ന പെണ്‍കുട്ടിയുടെ ബഹിരാകാശ യാത്ര എന്ന സ്വപ്‌നത്തെയും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പിന്തുണക്കുന്ന കൃഷ്ണ (ദുല്‍ഖര്‍) എന്ന ചെറുപ്പക്കാരനെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ ദുല്‍ഖര്‍ തന്നെ കുറിച്ചുള്ള ട്രോളുകളെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സിനിമാ ലോകത്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ തെലുങ്ക് ചിത്രം ചെയ്യുമ്പോള്‍ തെലുങ്കില്‍ മലയാള ചിത്രമാണ് താന്‍ ചെയ്യുന്നത് എന്നാണ് ട്രോളുകളെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.
തെലുങ്കില്‍ ചെയ്യുന്ന ചിത്രങ്ങളുടെ പ്രമേയങ്ങള്‍ കാരണമായിരുന്നു താരത്തെ കുറിച്ച് ഇത്തരത്തിലൊരു നിരീക്ഷണം ഉയര്‍ന്നത്. മാസും ആക്ഷനും ബിഗ് ബജറ്റും മാത്രം അടിസ്ഥാനമാക്കി ചിത്രങ്ങള്‍ ചെയ്യുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ സമകാലിക പ്രസക്തിയും കഥാപ്രാധാന്യവുമുള്ള മറ്റൊരു ചിത്രവുമായി ഒരിക്കല്‍ കൂടെ ഈ നിരീക്ഷണത്തിന് അടിവരയിടുകയാണ് ദുല്‍ഖര്‍.
ആകാശത്തില്‍ ഒരു താരകം. Photo: Dulquer Salmaan/ X.com
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഉന്നമനത്തെയും പ്രോത്സാഹിപ്പിക്കുന്ന ചിത്രത്തിന്റെ ഭാഗമായതിലൂടെ ഇത്തരത്തിലൊരു ആശയം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ദുല്‍ഖര്‍ എന്ന താരത്തിന് സാധിക്കുന്നു. സാധാരണയായി മലയാളത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് തെലങ്കാനയിലും പ്രചാരം നല്‍കി കൊണ്ട് എല്ലാ അര്‍ത്ഥത്തിലും മോളിവുഡിന്റെ ബ്രാന്‍ഡ് അംബാസഡറാകുകയാണ് ദുല്‍ഖര്‍.
Content Highlight: Dulquer Salmaan’s movie selection in Both Malayalam and Telugu, discussion after akasam lo oka tara release