| Monday, 31st August 2026, 9:12 am

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം; തെലുങ്ക് മാര്‍ക്കറ്റ് ലക്ഷ്യം വെച്ച് ഐ ആം ഗെയിം

അശ്വിന്‍ രാജേന്ദ്രന്‍

ഓണം ക്ലാഷ് റിലീസായി പുറത്തിറങ്ങാനിരുന്ന മൂന്ന് ചിത്രങ്ങളില്‍ വലിയ ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിം. ആഗസ്റ്റ് 20ന് റിലീസ് നിശ്ചയിച്ച ചിത്രം ഒരാഴ്ച്ച ബാക്കിനില്‍ക്കെ ക്ലാഷില്‍ നിന്നും പിന്മാറുകയും സെപ്റ്റംബര്‍ മൂന്നിലേക്ക് നീട്ടിവെക്കുകയുമായിരുന്നു. തീരുമാനത്തിന് വലിയ ട്രോളുകളും പരിഹാസങ്ങളും ദുല്‍ഖറിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്നെങ്കിലും തീരുമാനത്തെ പിന്തുണച്ചും പലരും രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളായിരുന്നു സോളോ റിലീസ് തെരഞ്ഞെടുത്തതിനെ പലരും പിന്തുണച്ചതിനുള്ള പ്രധാന കാരണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം മോളിവുഡില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണെന്നാണ് വിശ്വസിനീയമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയ്‌ലറിലെ വിഷ്വലുകള്‍. ഒരു ഹോളിവുഡ് സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളും ചേസ് സീനുകളും ചിത്രത്തില്‍ സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

I’m game/ Dulquer salmaan X page

ഈ സാഹചര്യത്തില്‍ ഒരു സോളോ റിലീസ് സാധ്യമായെങ്കില്‍ മാത്രമേ ഐ ആം ഗെയിമിന് വിജയം സാധ്യമാകുകയുള്ളൂ എന്ന വിലയിരുത്തലിലാണ് പലരും. ബെത്‌ലഹേം കുടുംബ യൂണിറ്റിന് ലഭിച്ച വമ്പന്‍ സ്വീകാര്യതയും തീരുമാനം ശരിവെക്കുന്നു. അതേസമയം മലയാളത്തിലെ പോലെ തന്നെ തെലുങ്ക് ബോക്‌സ് ഓഫീസും ഐ ആം ഗെയിമിന്റെ പ്രധാന ടാര്‍ഗറ്റാണെന്ന് കാണാം. മലയാളത്തിലെ പോലെ തന്നെ തെലുങ്ക് ഓഡിയന്‍സിനെയും ലക്ഷ്യം വെച്ചുകൊണ്ടാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം പ്ലാന്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ഓഡിയന്‍സിനിടയില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനമാണ് ഐ ആം ഗെയിമിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സിന് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചതിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് തെലുങ്ക് ബോക്‌സ് ഓഫീസില്‍ നിന്നുമായിരുന്നു. നേരത്തേ യഷ്, രജിനികാന്ത് തുടങ്ങിയ അഭിനേതാക്കള്‍ക്കും ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചിരുന്നെങ്കിലും ദുല്‍ഖര്‍ ഒഴികെ മലയാളത്തില്‍ നിന്നും മറ്റൊരു താരത്തിന് ഇത്തരത്തിലൊരു സപ്പോര്‍ട്ട് സ്വപ്‌നം പോലും കാണാന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്.

ദുല്‍ഖര്‍ സല്‍മാന്‍. Photo: X.com

സീതാരാമം, ലക്കിബാസ്‌ക്കര്‍, തുടങ്ങിയ ഹിറ്റ് തെലുങ്ക് ചിത്രങ്ങള്‍ ദുല്‍ഖറിന് ടോളിവുഡില്‍ ഒരു ഫാന്‍ബേസ് ഉണ്ടാക്കി നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഐ ആം ഗെയിമിന് പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ആദ്യദിനം മുതല്‍ തന്നെ ലഭിക്കുകയാണെങ്കില്‍ ഒരു മലയാള ചിത്രത്തിന് കേരളത്തിന് പുറത്ത് നിന്നും ലഭിക്കുന്ന പരമാവധി കളക്ഷനിലേക്ക് എത്താനുള്ള എല്ലാ പൊട്ടന്‍ഷ്യലും ഉണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല.

Content Highlight: Dulquer Salmaan’s I’m Game targets Telegu audience

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more