| Wednesday, 15th April 2026, 10:47 pm

6 മാസത്തെ ചിത്രീകരണത്തിനൊടുവില്‍ പാക്ക് അപ്പ്....ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിം ബിഗ് സ്‌ക്രീനിലേക്ക്

ഐറിന്‍ മരിയ ആന്റണി

നിഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിമിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നീണ്ട ആറ് മാസത്തെ ഷൂട്ടിങ്ങിനൊടുവില്‍ ഇന്നാണ് (ഏപ്രില്‍ 15) സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

ആര്‍.ഡി.എക്സിന് ശേഷം നിഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനൗണ്‍സ്മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു. കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാള ചിത്രമെന്നതാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.

ഫെബ്രുവരി 3ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടുകയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കൈ നിറയെ ചോരയും കൈയ്യില്‍ തോക്കുമായിരിക്കുന്ന ദുല്‍ഖറിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചി, ദുബായ്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് പുരോഗമിച്ചത്. സിനിമയുടേതായി വന്ന പോസ്റ്ററുകള്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ചിത്രത്തിന്റെ യഥാര്‍ത്ഥ ഴോണര്‍ എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സിനിമയുടെ ലൊക്കഷനില്‍ മമ്മൂട്ടി വന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.  ആക്ഷന്‍ സീനുകള്‍ ഒരുപാടുള്ള ചിത്രമാണെന്ന് മാത്രമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്‍ബറിവാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍.

സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന് പുറമെ ആന്റണി വര്‍ഗീസ് പെപ്പെ, കയേദു ലോഹര്‍, മിഷ്‌കിന്‍, കതിര്‍, സാന്‍ഡി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ്. ജേക്‌സ് ബിജോയ് ആണ് സിനിമയുടെ സംഗീത സംവിധാനം. ലോകഃ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളിലൂടെ പോപ്പുലറായ ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നത്. സിനിമ ഓണം റിലീസായി ഓഗസ്റ്റ്  20ന്  തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight:  Dulquer Salmaan’s film I Am Game completes shooting

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more