രണ്ടരവര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ഐ ആം ഗെയിം. വന്‍ ഹൈപ്പിലും ബജറ്റിലുമെത്തിയ കിങ് ഓഫ് കൊത്ത പരാജയമായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഇതിന് പിന്നാലെ ദുല്‍ഖര്‍ മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത് അന്യഭാഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ഐ ആം ഗെയിമിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ആറ് മണിക്ക് വരുമെന്നറിയിച്ച ട്രെയ്‌ലര്‍ പറഞ്ഞ സമയത്ത് പുറത്തുവന്നില്ല. ടെക്‌നിക്കല്‍ ഗ്ലിച്ച് കാരണം ട്രെയ്‌ലര്‍ വൈകുകയാണെന്നും ഇന്ന് തന്നെ അത് പരിഹരിച്ച് പുറത്തുവിടാന്‍ ശ്രമിക്കുകയാണെന്നും നിര്‍മാതാക്കളായ വേഫറര്‍ ഫിലിംസ് അറിയിച്ചു.
ഐ ആം ഗെയിം Photo: Wayfarer Films/ X.com
മൂന്ന് മണിക്കൂറോളം ആരാധകര്‍ കാത്തുനിന്നെങ്കിലും വീണ്ടും നിരാശ നല്‍കുന്ന അറിയിപ്പാണ് നിര്‍മാതാക്കളില്‍ നിന്ന് പുറത്തുവരുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ട്രെയ്‌ലര്‍ റിലീസ് പോസ്റ്റ്‌പോണ്‍ ചെയ്യുകയാണെന്നും വേഫറര്‍ അറിയിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശനവുമായി രംഗത്തെത്തി.
ഇത്രയും വലിയൊരു സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുമ്പോള്‍ കുറച്ചൊക്കെ ഉത്തരവാദിത്തം കാണിക്കണമെന്നാണ് പലരും വിമര്‍ശിക്കുന്നത്. പറഞ്ഞ സമയത്ത് റിലീസ് ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് അനൗണ്‍സ് ചെയ്യുന്നതെന്നും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ദുല്‍ഖര്‍ എന്ന ബിസിനസ്മാന്റെ ബുദ്ധിയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
ട്രെയ്‌ലര്‍ വന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ പല ഫീഡിലും ഐ ആം ഗെയിം ആണെന്നും അതിലൂടെ ചിത്രം കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുകയാണെന്നും കമന്റുകളുണ്ട്. ദുല്‍ഖര്‍ എന്ന ബിസിനസ്മാന്‍ നടത്തുന്ന മാര്‍ക്കറ്റിങ് ടെക്‌നിക്കാണ് ഇതെന്നും കമന്റുകളുണ്ട്. നല്ല അപ്‌ഡേറ്റുകളും ആശംസകളും ലഭിച്ച പിറന്നാള്‍ ദിനം ഇങ്ങനെ മോശമായെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. ആക്ഷന്‍- ഫാന്റസി- അഡ്വഞ്ചര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം 70 കോടിക്കടുത്ത് ചെലവഴിച്ചാണ് ഒരുങ്ങുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ, കതിര്‍, കയദു ലോഹര്‍, മിഷ്‌കിന്‍, സാന്‍ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 20ന് ഐ ആം ഗെയിം തിയേറ്ററുകളിലെത്തും.
Content Highlight: Dulquer Salmaan getting criticisms for not releasing trailer of Im Game movie