ഇന്‍ഡസ്ട്രി ഹിറ്റടക്കം ഒട്ടനവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ നേടിയ ലോകഃയുടെ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ സെന്‍സേഷനാകുമെന്ന് ഉറപ്പാണ്. ആദ്യ ഭാഗത്തില്‍ അതിഥിവേഷത്തിലെത്തിയ ടൊവിനോയാണ് ചാപ്റ്റര്‍ 2വിലെ നായകന്‍. ചാത്തന്‍ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് രണ്ടാം ഭാഗം കഥ പറയുന്നത്. ടൊവിനോക്കൊപ്പം ദുല്‍ഖറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ദുല്‍ഖര്‍, ടൊവിനോ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും ലോകഃ ചാപ്റ്റര്‍ ടുവില്‍ പ്രത്യക്ഷപ്പെടുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മൂത്തോന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്കിയത് മമ്മൂട്ടിയായിരുന്നു. രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി ഉണ്ടാകുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. മൂത്തോന്‍ എന്ന കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ പ്രാധാന്യമുണ്ടെന്നും ആ കഥാപാത്രമായി മമ്മൂട്ടി സ്‌ക്രീനിലെത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘രണ്ടാം ഭാഗത്തില്‍ അദ്ദേഹം എന്തായാലും ഉണ്ടാകും. എനിക്ക് തോന്നുന്നത്, ഞാന്‍ സിനിമാജീവിതം ആരംഭിച്ച് 14 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഞങ്ങള്‍ രണ്ടുപേരും ഒന്നിക്കുന്നത്. ഒരുപാട് കാലമായി പലരും ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ലോകഃയുടെ രണ്ടാം ഭാഗത്തിലൂടെ നടക്കാന്‍ പോകുന്നത്.
അത് ഞാന്‍ സ്വന്തം പരിശ്രമത്തിലൂടെ നേടിയ കാര്യമാണ്. നമ്മളായി പുള്ളിയെ നിര്‍ബന്ധിച്ച് അഭിനയിക്കാമോ എന്ന് ചോദിച്ചതല്ല. കഥ ഇഷ്ടപ്പെട്ട്, സംവിധായകന്റെ വിഷനും മേക്കിങ്ങുമെല്ലാം മനസിലാക്കി സ്വന്തം മനസോടെ സമ്മതിച്ച കാര്യമാണ്. അത് വലിയൊരു നേട്ടമായാണ് കണക്കാക്കുന്നത്. ഞങ്ങള്‍ രണ്ടുപേരെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ അധികം കാത്തിരിക്കണ്ട.
ലോകഃയുടെ കാര്യത്തില്‍ വാപ്പച്ചിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. കാരണം ആ പടത്തിന് ആദ്യം പറഞ്ഞ ബജറ്റിനെക്കാള്‍ ഇരട്ടി ചെലവായി. പുള്ളി ആ സമയത്ത് ചെറുതായി പേടിച്ചു. പക്ഷേ, പടം ഹിറ്റായപ്പോള്‍ അദ്ദേഹം ഓക്കെയായി. ഇത്ര വലിയ വിജയമാകുമെന്ന് ഞാന്‍ പോലും വിചാരിച്ചില്ല. ഒരു വേള്‍ഡ് ബില്‍ഡിങ് മാത്രമാണ് ഈ സിനിമ കൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചത്’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
തരംഗം എന്ന പരാജയ ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തോളം ഗ്യാപ്പെടുത്ത് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിയാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് 120 കോടിയാണ് ചിത്രം നേടിയത്.
Content Highlight: Dulquer Salmaan confirms that Mammootty will be part of Lokah Chpater Two