നിര്‍മാതാവെന്ന നിലയില്‍ മലയാളത്തില്‍ ഈ വര്‍ഷം ഗംഭീരനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഓണം റിലീസായെത്തിയ ചിത്രം 200 കോടിക്കുമുകളില്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ ലോകഃയുടെ വിജയം കാരണം ദുല്‍ഖറിന്റെ മറ്റൊരു ചിത്രം റിലീസ് നീട്ടിവെക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാന്താ റിലീസ് മാറ്റിവെക്കുകയാണെന്ന് വേഫറര്‍ ഫിലിംസ് അറിയിച്ചിരിക്കുകയാണ്. ഈ മാസം അവസാനം കാന്താ തിയേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചന്ദ്രയുടെ ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണെന്നും എല്ലാവര്‍ക്കും വേണ്ടി തങ്ങള്‍ മറ്റൊരു സിനിമാറ്റിക് അനുഭവം ഒരുക്കിയിട്ടുണ്ടെന്ന് വേഫറര്‍ ഫിലിംസ് പറയുന്നു. ലോകഃയോടൊപ്പം നിര്‍ത്താവുന്ന ചിത്രമാണ് അതെന്നും അവര്‍ പറയുന്നു. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വേഫറര്‍ ഫിലിംസ് ഇക്കാര്യം അറിയിച്ചത്.
തങ്ങളുടെ കാന്താ എന്ന ചിത്രം ഇക്കാരണത്താല്‍ റിലീസ് മാറ്റുകയാണെന്നും വേഫറര്‍ ഫിലിംസ് പറയുന്നു. പുതിയ റിലീസ് ഡേറ്റ് ഉടനെ അറിയിക്കുമെന്നും ഇപ്പോള്‍ നല്‍കുന്ന പിന്തുണ തുടരണമെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. സെപ്റ്റംബര്‍ 26ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്.
തമിഴ്‌നാട്ടിലെ ആദ്യകാല സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് കാന്താ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. അഹന്ത നിറഞ്ഞ സൂപ്പര്‍സ്റ്റാറായി ദുല്‍ഖര്‍ ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്ന് ടീസറില് സൂചന നല്‍കുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാനും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ സെല്‍വമണി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. സമുദ്രക്കനി, റാണാ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദുല്‍ഖറിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാകും കാന്താ എന്നാണ് ആരാധകര്‍ കണക്കു കൂട്ടുന്നത്.
Content Highlight: Dulquer Salmaan announces that Kaantha Movie release postponed