| Monday, 10th November 2025, 2:23 pm

ലോകഃയുടെ ആദ്യഭാഗത്തിന് പൈസ നഷ്ടമാകുമെന്നാണ് വിചാരിച്ചത്; ഇത്ര വിജയം നേടുമെന്ന പ്രതീക്ഷിച്ചില്ല: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകഃ  ഇത്ര വിജയമാകുമെന്നോ 300 കോടി നേടുമെന്നോ താന്‍ വിചാരിച്ചില്ലെന്ന് നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ സൂപ്പര്‍ഹീറോ ചിത്രമായി ഒരുക്കിയ ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ഓഗസ്റ്റ് 28നാണ് തിയേറ്ററുകളില്‍ എത്തിയത്. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ സിനിമയില്‍ കല്യാണിക്ക് പുറമെ നസ്‌ലെന്‍, അരുണ്‍ കുര്യന്‍, സാന്‍ഡി, ചന്തു സലിം കുമാര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ തന്റെ പുതിയ സിനിമയായ കാന്തയുടെ പ്രൊമോഷനുമായ ബന്ധപ്പെട്ട അഭിമുഖത്തില്‍ ഗലാട്ട പ്ലസിനോട് സംസാരിക്കുകയാണ് അദ്ദേഹം. ലോക എങ്ങനെയാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മലയാള ചിത്രമായതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.

‘സിനിമ ഏത് രീതിയില്‍ വര്‍ക്ക് ഔട്ട് ആകുമെന്ന് നമുക്ക് ആസൂത്രണം ചെയ്യാനോ പ്രവചിക്കാനോ കഴിയില്ല. ഒരു സിനിമ എങ്ങനെ ആളുകള്‍ക്ക് വര്‍ക്ക് ആകുമെന്നതിന് ഒരു ശാസ്ത്രീയ വശമൊന്നും ഇല്ല. ഒരു ടീമെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് സത്യസന്ധതയോടെ ഒരു സിനിമ നിര്‍മിക്കുകയും എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതൊക്കെയാണ്,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

ലോകഃയുടെ കാര്യത്തില്‍ താന്‍ പണം നഷ്ടപ്പെടുമെന്നാണ് വിചാരിച്ചതെന്നും നമ്മള്‍ മനസില്‍ കണ്ട ബജറ്റിന്റെ ഇരട്ടി ചെലവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി ഒരു യൂണിവേഴ്‌സ് പ്രേക്ഷകരുടെ മുമ്പിലേക്ക് കൊടുക്കുകയായതുകൊണ്ട് ആ കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

അതേസമയം നവാഗതനായ സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥയിലുള്ള വേഫറര്‍ ഫിലിംസാണ്. ചിത്രത്തില്‍ സമുദ്രക്കനി, റാണാ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോസ് എന്നിവരും അഭിനയിക്കുന്നു. നവംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സെപ്റ്റംബര്‍ 26ന് തിയേറ്ററില്‍ എത്താനിരുന്ന ചിത്രം ലോകഃയുടെ വിജയത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

Content highlight: Dulquer said he still doesn’t know how Lokah became the highest-grossing Malayalam film

We use cookies to give you the best possible experience. Learn more