| Friday, 4th September 2026, 9:57 pm

ദുല്‍ഖറില്ലാത്ത സീനുകളൊന്നും കണക്ടായില്ല, ഐ ആം ഗെയിമിനെ പിന്നോട്ടടിച്ച രണ്ടാം പകുതി

അമര്‍നാഥ് എം.

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാളചിത്രമാണ് ഐ ആം ഗെയിം. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു ഐ ആം ഗെയിം. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

ദുല്‍ഖറിനെ ഏറ്റവും ഗംഭീരമായി അവതരിപ്പിക്കാന്‍ നഹാസിന് സാധിച്ചിട്ടുണ്ട്. ഇഷ്ടനടനെ കൈയില്‍ കിട്ടിയപ്പോള്‍ മാക്‌സിമം സ്‌റ്റൈലിഷായി തന്നെ സംവിധായകന്‍ പ്രസന്റ് ചെയ്തു. ഒന്ന് പാളിയാല്‍ കൊത്ത രാജുവിനെക്കാള്‍ വലിയ ട്രോള്‍ മെറ്റീരിയലായേക്കാവുന്ന കഥാപാത്രമായിരുന്നു ഐ ആം ഗെയിമിലെ ഡാന്‍ ജോണ്‍.

സിനിമയിലെ പല രംഗങ്ങളെയും താങ്ങി നിര്‍ത്തുന്നത് ദുല്‍ഖര്‍ ഒറ്റക്ക് തന്നെയാണ്. ആദ്യപകുതിയിലെ പല സീനിലും ഡി.ക്യു നിറഞ്ഞ് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ താരത്തിന് അധികം സ്‌ക്രീന്‍ സ്‌പെയ്‌സ് ഉണ്ടായിരുന്നില്ല. 15 മിനിറ്റ് കൊണ്ട് തീര്‍ക്കേണ്ട ഫ്‌ളാഷ്ബാക്കിനെ അരമണിക്കൂറിനടുത്ത് വലിച്ചുനീട്ടിയപ്പോള്‍ ദുല്‍ഖറിന്റെ സാന്നിധ്യമില്ലാത്തത് ചിത്രത്തെ പിന്നോട്ട് വലിച്ചു.

ഫ്‌ളാഷ്ബാക്ക് ഒറ്റയടിക്ക് പറഞ്ഞുതീര്‍ക്കാതെ നോണ്‍ ലീനിയറായി അവതരിപ്പിച്ചിരുന്നെങ്കില്‍ കുറച്ചധികം ഗംഭീരമായേനെ. ഫ്‌ളാഷ്ബാക്ക് കഴിഞ്ഞപ്പോള്‍ വേറൊരു സിനിമയാണോ കാണുന്നതെന്ന ചിന്ത പലരിലും ഉണ്ടായിട്ടുണ്ട്. ഈയൊരു വലിച്ചുനീട്ടല്‍ കാരണം ക്ലൈമാക്‌സ് ഫൈറ്റിന് പോലും നല്ലൊരു ഇംപാക്ടുണ്ടാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല.

ഐ ആം ഗെയിമിന് മുമ്പ് നായകനായ കിങ് ഓഫ് കൊത്തയില്‍ താരത്തിന്റെ പ്രകടനം വലിയ വിമര്‍ശനത്തിന് ഇരയായിരുന്നു. കൊത്തയിലെ നെഗറ്റീവുകളിലൊന്നായി ദുല്‍ഖര്‍ മാറിയപ്പോള്‍ ഐ ആം ഗെയിമിലെ ഏറ്റവും വലിയ പോസിറ്റീവായി ദുല്‍ഖര്‍ മാറി. മറ്റൊരു താരത്തെ വെച്ച് സങ്കല്പിക്കാന്‍ പോലും പറ്റാത്ത രീതിയിലാണ് ദുല്‍ഖര്‍ ഐ ആം ഗെയിമില്‍ പെര്‍ഫോം ചെയ്തത്.

ഇന്റര്‍വെല്ലിന് തൊട്ടുമുമ്പുള്ള സീനില്‍ ദുല്‍ഖറിന്റെ പ്രകടനം എടുത്തുപറേയണ്ട ഒന്നാണ്. മറ്റാര് ചെയ്താലും വലിയ ട്രോള്‍ മെറ്റീരിയലാകാന്‍ സാധ്യതയുള്ള സീന്‍ ദുല്‍ഖര്‍ കൈയടക്കത്തോടെ അവതരിപ്പിച്ചു. ട്രെയ്‌ലര്‍ റിലീസിന്റെ സമയത്ത് ട്രോള്‍ മെറ്റീരിയലാകുമെന്ന് പറഞ്ഞ ബാര്‍ ഫൈറ്റ് സീനിന് തിയേറ്ററില്‍ അന്യായ റെസ്‌പോണ്‍സായിരുന്നു. മൊത്തത്തില്‍ ദുല്‍ഖര്‍ ഒറ്റക്ക് ഷോള്‍ഡര്‍ ചെയ്ത ചിത്രമെന്ന് ഐ ആം ഗെയിമിനെ വിശേഷിപ്പിക്കാം.

Content Highlight: Dulquer’s performance is the main positive in I’m Game movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more