കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ നിറഞ്ഞുനിന്നത് ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിം ആയിരുന്നു. വലിയ ഹൈപ്പില്‍ ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്താനിരുന്ന ഐ ആം ഗെയിം മാറ്റിവെക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസ് രംഗത്തെത്തിയതോടെ ദുല്‍ഖറിനെ പരിഹസിച്ച് ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഐ ആം ഗെയിം. Photo: X.com
നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പവും പൃഥ്വിരാജിന്റെ ഖലീഫയ്‌ക്കൊപ്പവും ക്ലാഷ് വെക്കാന്‍ ഭയന്നതിനാലാണ് അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നാണ് പലരും ട്രോളുന്നത്. എന്നാല്‍ നൂറുകോടിയിലധികം ബജറ്റില്‍ നിര്‍മിച്ച വമ്പന്‍ സ്‌കെയിലുള്ള ചിത്രമായ ഐ ആം ഗെയിം കൂടുതല്‍ സ്‌ക്രീനുകള്‍ അര്‍ഹിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ പുതിയൊരു റിലീസ് തിയതി നിശ്ചയിച്ചത് നന്നായി എന്നും പലരും അഭിപ്രായമറിയിക്കുന്നു. ഓഗസ്റ്റ് 20ല്‍ നിന്നും റിലീസ് മാറ്റിയ ചിത്രം സെപ്റ്റംബര്‍ 3നാണ് തിയേറ്ററുകളിലെത്തുക.
ഇപ്പോഴിതാ പുതിയ റിലീസ് ഡേറ്റിലെ കൗതുകകരമായ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രഞ്ജിത് സംവിധാനം ചെയ്ത് പ്രകാശ് വര്‍മ പ്രധാനവേഷത്തിലെത്തുന്ന ലോ ആന്‍ഡ് ഓര്‍ഡറിനൊപ്പമായിരിക്കും ഐ ആം ഗെയിം റിലീസ് ചെയ്യുക. സെപ്റ്റംബര്‍ 4നാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ തിയേറ്ററുകളിലെത്തുക. രസകരമായ കാര്യമെന്തെന്നാല്‍ ചിത്രത്തില്‍ കാമിയോ റോളില്‍ മമ്മൂട്ടിയും വേഷമിടുന്നുണ്ട് എന്നതാണ്. കരിക്കാം മുറി ഷണ്മുഖന്‍ എന്ന താരത്തിന്റെ ഐക്കോണിക്ക് കഥാപാത്രങ്ങളിലൊന്നിന്റെ റീക്രിയേഷനായിരിക്കും ചിത്രത്തില്‍ നടക്കുക എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലോ ആന്‍ഡ് ഓര്‍ഡര്‍. Photo: Sony Music Malayalam
ഇരുചിത്രങ്ങളുടെയും റിലീസ് ഡേറ്റില്‍ ഇനി മാറ്റമൊന്നുമില്ലെങ്കില്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും തമ്മിലുള്ള ക്ലാഷിനായിരിക്കും മലയാള സിനിമാലോകം സാക്ഷ്യം വഹിക്കുക. മോഹന്‍ലാല്‍ കാമിയോ റോളിലെത്തുന്ന ഖലീഫയെ ഭയന്നാണ് ദുല്‍ഖര്‍ ചിത്രം റിലീസ് മാറ്റിയതെങ്കില്‍ ഇനി മമ്മൂട്ടിയെ നേരിടാനാകും ഐ ആം ഗെയിം തിയേറ്ററുകളിലെത്തുക.
Content Highlight: Dulquer’s I’m Game and Mammootty starring Law and order to clash release