| Thursday, 29th January 2026, 2:00 pm

ദുല്‍ഖറിന്റെ ഐ ആം ഗെയിം മുതല്‍ നിവിന്റെ ബത്‌ലഹേം യൂണിറ്റ് വരെ; ഓണത്തിനെത്തുന്നത് വമ്പന്‍ റിലീസുകള്‍

ഐറിന്‍ മരിയ ആന്റണി

ഹൃദയപൂര്‍വ്വം, ‘ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര’, ‘തലവര’, ‘ഓടും കുതിര ചാടും കുതിര’ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളാല്‍ സമ്പന്നമായിരുന്നു കഴിഞ്ഞ ഓണക്കാലം. സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം തിയേറ്ററുകള്‍ ആഘോഷഭരിതമായ ഒരു വര്‍ഷമായിരുന്നു 2025.

ആ ആവേശം ഒട്ടും ചോരാതെ തന്നെ 2026-ലും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിം മുതല്‍ ഗിരീഷ് എ.ഡി. നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫീല്‍ ഗുഡ് ചിത്രം വരെ റിലീസുകളുടെ നീണ്ട ലിസ്റ്റ് തന്നെയുണ്ട്.

ഐ ആം ഗെയിം/ First look poster

പൃഥ്വിരാജിന്റെ ഖലീഫയാണ് പ്രതീക്ഷയുള്ള മറ്റൊരു ചിത്രം. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പുള്ള ഈ ചിത്രവും ഓണം റിലീസായി തിയേറ്ററുകള്‍ എത്തും. അതേസമയം വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കവും ഓണം റിലീസ് ആയെത്തുന്നുണ്ട്.

ആക്ഷന്‍ ചിത്രമായ ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഐ ആം ഗെയിമിന് ഉണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ദുല്‍ഖറിന്റെ മലയാളത്തിലേക്കുള്ള ഒരു വന്‍ തിരിച്ചുവരവ് ആയിരിക്കും ഐ ആം ഗെയിം എന്നാണ് ആരാധകര്‍
അഭിപ്രായപ്പെടുന്നത്.

അതേസമയം പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ഖലീഫ. സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം ആയിരിക്കും ഖലീഫ. സിനിമ ഓഗസ്റ്റില്‍ തിയേറ്ററില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

പ്രേമം 2 പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കിട്ടിയ സര്‍പ്രൈസ് ആയിരുന്നു ബെത്ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നിവിന്‍ പോളിയും മമിതാ ബൈജുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ഭാവന സ്റ്റുഡിയോസാണ്.

പ്രേമലുവിന്റെ തിരക്കഥ എഴുതിയ ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ബത്ലഹേം യൂണിറ്റിന് കഥയെഴുതിയത്. അജ്മല്‍ സാബു ഛായാഗ്രണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് വിഷ്ണു വിജയാണ്.

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കവും ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മോഹന്‍ലാല്‍ സിനിമയില്‍ അതിഥിവേഷത്തില്‍ എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം.

അതേസമയം ഓണം റിലീസായെത്തുമെന്ന് പ്രഖാപിച്ച അതിരടിയുടെ റിലീസ് ഡേറ്റ് മാറ്റിയിരുന്നു. ബേസില്‍ ജോസഫും ടൊവിനോ തോമസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെയ് 14നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlight:  Dulquer, Prithviraj and Nivin Pauly’s movies for Onam release

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more