| Friday, 20th November 2026, 8:25 pm

'കുഞ്ഞിക്ക'യുടെ സെലക്ഷന്‍ പാളിയാലും 'ദുല്‍ഖര്‍ ഗാരുവിന്' പാളില്ല; തെലുങ്കില്‍ നാലാമത്തെ ഹിറ്റുമായി ഡി.ക്യു

അമര്‍നാഥ് എം.

സ്വന്തം നാട്ടിലെന്ന പോലെ മറ്റ് ഭാഷകളിലും നല്ല ഫാന്‍ബേസ് സ്വന്തമാക്കുക എന്നത് ഏതൊരു നടന്റെയും സ്വപ്‌നമാണ്. മോളിവുഡില്‍ അത്തരത്തില്‍ ഗംഭീര ഫാന്‍ബേസ് നേടിയെടുത്ത നടനാണ് ദുല്‍ഖര്‍. മലയാളത്തിലെന്ന പോലെ തമിഴിലും തെലുങ്കിലും താരത്തിന്റെ സിനിമകള്‍ക്ക് മികച്ച വരവേല്പാണ് ലഭിക്കുന്നത്.

എന്നാല്‍ മലയാളത്തെക്കാള്‍ അന്യഭാഷക്ക് ദുല്‍ഖര്‍ അമിത പ്രാധാന്യം നല്‍കുന്നത് അടുത്തകാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. കിങ് ഓഫ് കൊത്തക്ക് ശേഷം രണ്ടര വര്‍ഷത്തോളം താരം മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും തെലുങ്ക്, തമിഴ് സിനിമകളില്‍ ശ്രദ്ധ നല്‍കുകയും ചെയ്തു. മോളിവുഡിലേക്കുള്ള തിരിച്ചുവരവിലും ദുല്‍ഖറിന് കൈപൊള്ളി. വന്‍ ബജറ്റിലൊരുങ്ങിയ ഐ ആം ഗെയിം ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി.

ആകാസം ലോ ഒക്ക താര Photo: Screen grab/ Wayfarer films

എന്നാല്‍ മോളിവുഡിലെ തന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ പാളിയാലും തെലുങ്കില്‍ പിഴക്കില്ലെന്ന് ദുല്‍ഖര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആകാസം ലോ ഒക്ക താരയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതോടെ തെലുങ്കിലെ തന്റെ ഹിറ്റ് സ്ട്രീക്ക് ദുല്‍ഖര്‍ തുടരുകയാണ്.

തെലുങ്കിലെ ആദ്യ ചിത്രമായ മഹാനടി മുതല്‍ എ.ഓ.ടി വരെയുള്ള നാല് ചിത്രങ്ങളും വന്‍ വിജയമാണ്. സീതാ രാമം 92 കോടി നേടിയപ്പോള്‍ ലക്കി ഭാസ്‌കറിലൂടെ കരിയറിലെ ആദ്യ 100 കോടിയും ദുല്‍ഖര്‍ സ്വന്തമാക്കി. ഇപ്പോഴിതാ ആകാസം ലോ ഒക്ക താരയും ഹിറ്റായതോടെ തെലുങ്കില്‍ 100 ശതമാനം സക്‌സസ് റേറ്റുള്ള അന്യഭാഷാ താരമായി ദുല്‍ഖര്‍ മാറി.

ഐ ആം ഗെയിം Photo: Screen grab/ Wayfarer films

‘കുഞ്ഞിക്ക’യുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ ചിലപ്പോള്‍ മോശമായേക്കാമെന്നും എന്നാല്‍ ‘ദുല്‍ഖര്‍ ഗാരു’വിന് അങ്ങനെ സംഭവിക്കില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. എന്നാല്‍ താരത്തിന്റെ ഈ കരിയര്‍ പ്ലാനിങ് മോളിവുഡിലെ ഫാന്‍ബേസിന് തിരിച്ചടിയാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഓവര്‍ ദി ടോപ് സിനിമകള്‍ക്ക് പകരം എ.ഒ.ടി പോലുള്ള ചിത്രങ്ങള്‍ മലയാളത്തിലും ചെയ്തുകൂടെയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

താരത്തിന്റെ അടുത്ത രണ്ട് ചിത്രങ്ങളും അന്യഭാഷയിലാണ്. പൂജ ഹെഗ്‌ഡേയ്‌ക്കൊപ്പമുള്ള ശ്രീ ശ്രീ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. 2027 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തും. അറ്റ്‌ലീയുടെ അസിസ്റ്റന്റ് കാര്‍ത്തികേയന്‍ വേലപ്പന്‍ സംവിധാനം ചെയ്യുന്ന ഗോലിയാണ് താരത്തിന്റെ അടുത്ത പ്രൊജക്ട്. മലയാളത്തില്‍ പുതിയ പ്രൊജക്ടുകളൊന്നും പ്രഖ്യാപിക്കാത്തത് ആരാധകരില്‍ നിരാശയുണര്‍ത്തിയിരിക്കുകയാണ്.

Content Highlight: Dulquer got his fourth consecutive in Telugu through Aakasam Lo Oka Tara

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more