| Tuesday, 27th October 2026, 6:15 pm

വീണ്ടും മലയാളത്തോട് ബൈബൈ; അറ്റ്‌ലീയുടെ ശിഷ്യനൊപ്പം പ്രൊജക്ട് ചെയ്യാനൊരുങ്ങി ദുല്‍ഖര്‍, അടുത്ത ഹോംകമിങ് രണ്ട് വര്‍ഷം കഴിഞ്ഞെന്ന് ട്രോളുകള്‍

അമര്‍നാഥ് എം.

മലയാളത്തിന് പുറമെ അന്യഭാഷയിലും വലിയ റീച്ച് സ്വന്തമാക്കിയ നടന്മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലം കൊണ്ട് തമിഴിലും തെലുങ്കിലും പ്രത്യേക ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ഡി.ക്യുവിന് സാധിച്ചു. ബിഗ് എംസിന് ശേഷം കേരള ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളര്‍ കൂടിയാണ് ദുല്‍ഖര്‍.

എന്നാല്‍ ഈയൊരു ഫാന്‍ബേസ് സ്വന്തം ഇന്‍ഡസ്ട്രിയില്‍ കൃത്യമായി ഉപയോഗിക്കാന്‍ ദുല്‍ഖര്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ലെന്ന് പലരുടെയും പരാതി. മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നത് കുറക്കുകയും മറ്റ് ഭാഷകളില്‍ ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്തുമാണ് താരം തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കടുത്ത ആരാധകര്‍ക്ക് പോലും താരത്തിന്റെ ഈ നീക്കത്തില്‍ നിരാശയുണ്ട്.

കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം രണ്ട് വര്‍ഷത്തോളം ദുല്‍ഖര്‍ അന്യഭാഷയിലായിരുന്നു ശ്രദ്ധ നല്‍കിയത്. ഈ സമയത്ത് താരത്തിന്റെ മലയാള സിനിമക്കായി ആരാധകര്‍ കാത്തിരുന്നു. ഒടുവില്‍ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ദുല്‍ഖര്‍ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് അനൗണ്‍സ് ചെയ്തു. എന്നാല്‍ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായൊരുങ്ങിയ ഐ ആം ഗെയിം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി.

ഹോം കമിങ് എന്ന് ആഘോഷിച്ച ചിത്രം ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയാണ് കളംവിട്ടത്. ഇതോടെ മലയാളത്തില്‍ ബാക്ക് ടു ബാക്ക് ഫ്‌ളോപ്പ് ദുല്‍ഖര്‍ സ്വന്തം പേരിലാക്കി. ഐ ആം ഗെയിമിന്റെ പരാജയത്തിന് ശേഷം താരത്തിന്റേതായി മലയാളത്തില്‍ പുതിയ പ്രൊജക്ടുകളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല. ഇപ്പോഴിതാ ദുല്‍ഖറിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

നവാഗതനായ കാര്‍ത്തികേയന്‍ വേലപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാകും ദുല്‍ഖര്‍ കമ്മിറ്റ് ചെയ്യുക. ഗോലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റ്‌ലീയുടെ സഹായിയായിരുന്ന കാര്‍ത്തികേയന്‍ ഗോപാലന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താരയാണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്. നവാഗതനായ പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ എന്ന പെര്‍ഫോമറിന്റെ മികച്ച പ്രകടനമാകും ആകാസം ലോ ഒക്ക താരയിലെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ഇതിന് ശേഷം പൂജ ഹെഗ്‌ഡേയ്‌ക്കൊപ്പമുള്ള ശ്രീ ശ്രീ 2027ല്‍ തിയേറ്ററുകളിലെത്തും. റൊമാന്റിക് ഡ്രാമ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതിന് ശേഷമാകും ഗോലിയില്‍ ദുല്‍ഖര്‍ ഭാഗമാവുക. സ്വന്തം ഇന്‍ഡസ്ട്രിയില്‍ ഇനി ദുല്‍ഖറിനെ എന്ന് കാണാനാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Dulquer going to commit another Tamil movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more