മലയാളത്തില്‍ കരിയറാരംഭിച്ച് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴും തെലുങ്കും കടന്ന് ബോളിവുഡില്‍ വരെ താരം തന്റെ സാന്നിധ്യമറിയിച്ചു. ഏറ്റവും പുതിയ തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താര ഗംഭീര പ്രതികരണം സ്വന്തമാക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ വാരത്തില്‍ തന്നെ മികച്ച കളക്ഷന്‍ നേടാനും എ.ഒ.ടിക്ക് സാധിച്ചു.
പത്താം ദിനത്തിലേക്ക് കടക്കുമ്പോള്‍ 50 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കി. ഇന്നത്തോടെ 50 കോടി എന്ന നാഴികക്കല്ല് ആകാസം ലോ ഒക്ക താരം പിന്നിടുമ്പോള്‍ ഒരു അപൂര്‍വ റെക്കോഡ് ദുല്‍ഖര്‍ തന്റെ പേരിലാക്കിയിരിക്കുകയാണ്. തെലുങ്കില്‍ ചെയ്ത സിനിമകളെല്ലാം 50 കോടി ക്ലബ്ബില്‍ കയറ്റുക എന്ന അപൂര്‍വ നേട്ടമാണ് താരം തന്റെ പേരിലാക്കിയത്.
മറ്റൊരു മലയാള നടനും ഈ നേട്ടം ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. ആദ്യചിത്രമായ മഹാനടി മുതല്‍ ആകാസം ലോ ഒക്ക താര വരെ തെലുങ്കില്‍ ചെയ്ത ഓരോ സിനിമയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തന്നിലെ നടനെ തേച്ചുമിനുക്കുന്ന തരത്തിലാണ് ഓരോ സ്‌ക്രിപ്റ്റും ദുല്‍ഖര്‍ തെരഞ്ഞെടുത്തിട്ടുള്ളത്.
സ്വന്തം ഭാഷയില്‍ ആകെ ഒരൊറ്റ 50 കോടി ചിത്രം മാത്രമേ ഉള്ളൂ എന്ന് പറയുമ്പോഴാണ് തെലുങ്കില്‍ ദുല്‍ഖറിന്റെ സ്റ്റാര്‍ഡവും ബോക്‌സ് ഓഫീസ് കണ്‍സിസ്റ്റന്‍സിയും എത്ര വലുതാണെന്ന് മനസിലാകുന്നത്. മലയാളത്തില്‍ താരം അവസാനമായി ചെയ്ത രണ്ട് സിനിമകളും വന്‍ പരാജയമായിരുന്നു. 40 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ കിങ് ഓഫ് കൊത്ത ട്രോള്‍ മെറ്റീരിയലായി മാറിയപ്പോള്‍ വന്‍ ബജറ്റിലെത്തിയ ഐ ആം ഗെയിമിന് രണ്ടാം പകുതി തിരിച്ചടിയായി.
സ്വന്തം ഇന്‍ഡസ്ട്രിയിലില്ലാത്ത ബോക്‌സ് ഓഫീസ് പവര്‍ മറ്റൊരു ഭാഷയില്‍ ലഭിക്കുന്നത് ദുല്‍ഖര്‍ എന്ന നടന് ഒരേസമയം നെഗറ്റീവും പോസിറ്റീവുമാണെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. മറ്റൊരു ഭാഷയിലെ താരത്തിന് ഒരുപരിധിക്കപ്പുറം ഉയരാന്‍ കഴിയാത്ത തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ദുല്‍ഖറിന് എത്രമാത്രം തിളങ്ങാനാകുമെന്ന് ചിലര്‍ ചോദിക്കുന്നു. മലയാളത്തില്‍ നിന്ന് വലിയ ബ്രേക്കുകള്‍ എടുക്കുന്നത് ഇവിടുത്തെ സ്വീകാര്യത കുറക്കുമെന്നുമാണ് സിനിമാപേജുകളുടെ വിലയിരുത്തല്‍.
അതേസമയം ആകാസം ലോ ഒക്ക താരയില്‍ ദുല്‍ഖര്‍ എന്ന നടന്റെ പ്രകടനത്തെ പലരും പ്രശംസിക്കുന്നുണ്ട്. കൃഷ്ണ എന്ന സാധാരണക്കാരനായി പകരംവെക്കാനില്ലാത്ത പ്രകടനമാണ് താരത്തിന്റേത്. കഴിഞ്ഞദിവസം നടന്ന സക്‌സസ് സെലിബ്രേഷനില്‍ സാക്ഷാല്‍ രാജമൗലി വരെ ദുല്‍ഖറിനെ പ്രത്യേകം പ്രശംസിച്ചിരുന്നു.
Content Highlight: Dulquer gets his fourth 50 crore movie in Telugu through Aakasam Lo Oka Tara