| Thursday, 14th May 2026, 7:30 pm

വിഷമം പങ്കുവെച്ച് ആര്‍.ജെ.ബാലാജി, പിന്തുണയുമായി ദുല്‍ഖര്‍ സല്‍മാനും സുപ്രിയയും

അശ്വിന്‍ രാജേന്ദ്രന്‍

വലിയ പ്രതിസന്ധികള്‍ക്കാണ് തമിഴ് സിനിമാ ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഏറെ പ്രതീക്ഷയില്‍ വമ്പന്‍ ഹൈപ്പിലൊരുങ്ങി ഇന്ന് തിയേറ്ററുകളിലേക്കെത്തേണ്ടിയിരുന്ന കറുപ്പിന്റെ ഷോകള്‍ അവസാന നിമിഷം ക്യാന്‍സലാക്കേണ്ടി വന്നതോടെ വെട്ടിലായിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം സൂര്യയും സംവിധായകന്‍ ആര്‍.ജെ. ബാലാജിയും. കഴിഞ്ഞ ദീപാവലിക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി വമ്പന്‍ ഹൈപ്പ് ലഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ഷോകളടക്കം അവസാന നിമിഷം ക്യാന്‍സലാക്കുകയായിരുന്നു.

കറുപ്പ്. Photo: X.com

ഇതോടെ പ്രതിഷേധവുമായി സൂര്യയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഷോ ക്യാന്‍സലാക്കിയതില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്ന പ്രേക്ഷകരോട് ക്ഷമാപണം അറിയിച്ചുകൊണ്ട് സംവിധായകനായ ആര്‍.ജെ. ബാലാജി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരത്തിലൊരു സംഭവം നടന്നതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും താനും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ച് വൈകീട്ട് ആറ് മണിക്കുള്ളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴിതാ സംവിധായകന്‍ പങ്കുവെച്ച വീഡിയോക്ക് താഴെ പിന്തുണയറിയിച്ച് കൊണ്ട് എത്തിയ ദുല്‍ഖറിന്റെയും നിര്‍മാതാവ് സുപ്രിയ മേനോന്റെയും കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. എല്ലാം നന്നായി നടക്കുമെന്നും എപ്പോഴും കൂടെയുണ്ടെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. അതേസമയം ചിത്രത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് സുപ്രിയ രംഗത്തെത്തിയത്.

കറുപ്പ്. Photo: District

ചിത്രത്തിന്റെ നിര്‍മാതാക്കളായ എസ്.ആര്‍ പ്രഭുവിനും എസ്.ആര്‍ പ്രകാശ് ബാബുവിനും നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ ഷോകള്‍ കാന്‍സലാക്കേണ്ടി വരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് അമ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇതേത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുന്നതെന്നുമാണ് വിശ്വസനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പ്രതിസന്ധി പരിഹരിച്ച് ചിത്രം എത്രയും പെട്ടെന്ന് തിയേറ്ററുകളില്‍ എത്തിക്കാനായി സൂര്യ തന്നെ രംഗത്തെത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

Content Highlight: Dulquer and Supriya come in support for RJ Balaji in Karuppu issue

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more