| Saturday, 1st August 2026, 10:45 pm

വിരാടിന്റെ ക്യാപ്റ്റന്‍ ഇനി പുതിയ ടീമിന്റെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ റിങ്കു; കിരീടപ്പോരിന് പടയിറങ്ങുന്നു

ആദർശ് എം.കെ.

2026-27 സീസണിലെ ദുലീപ് ട്രോഫി ടൂര്‍ണമെന്റിനുള്ള 15 അംഗ സെന്‍ട്രല്‍ സോണ്‍ ടീമിനെ പ്രഖ്യാപിച്ചു. മധ്യപ്രദേശ് താരം രജത് പാടിദാറാണ് ടീമിന്റെ ക്യാപ്റ്റന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങാണ് ടൂര്‍ണമെന്റില്‍ പാടിദാറിന്റെ ഡെപ്യൂട്ടി. കിരീടം നിലനിര്‍ത്താനുറച്ചാണ് ടീം ഇത്തവണ കളത്തിലിറങ്ങുന്നത്.

ഓഗസ്റ്റ് 23നാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിച്ച പാടിദാര്‍, സെന്‍ട്രല്‍ സോണിനെയും തുടര്‍ച്ചയായ കിരീടത്തിലേക്ക് നയിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

വിരാടിനും ജിതേഷിനുമൊപ്പം ഐ.പി.എല്‍ കിരീടവുമായി

ഓഗസ്റ്റ് 30ന് ബംഗളൂരുവില്‍ നടക്കുന്ന ആദ്യ സെമി ഫൈനലിലാണ് സെന്‍ട്രല്‍ സോണിന്റെ ആദ്യ മത്സരം. ഈസ്റ്റ് സോണും നോര്‍ത്ത് ഈസ്റ്റ് സോണും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് അവര്‍ നേരിടുക.

കഴിഞ്ഞ സീസണ്‍ ഫൈനലില്‍ സൗത്ത് സോണിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സെന്‍ട്രല്‍ സോണ്‍ കിരീടം ചൂടിയത്. കഴിഞ്ഞ സീസണില്‍ 5 ഇന്നിങ്‌സുകളില്‍ നിന്ന് 382 റണ്‍സ് നേടിയ പാടിദാര്‍ തന്നെയായിരുന്നു ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരന്‍.

ദുലീപ് ട്രോഫിയുമായി പാടിദാർ

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ ഓള്‍റൗണ്ടര്‍ സാരാന്‍ഷ് ജെയ്ന്‍ ടീമിലുണ്ട്. ഉത്തര്‍പ്രദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആര്യന്‍ ജുയാല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, യാഷ് ഠാക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

സെന്‍ട്രല്‍ സോണ്‍

രജത് പാടിദാര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ് (വൈസ് ക്യാപ്റ്റന്‍), ആര്യന്‍ ജുയാല്‍ (വിക്കറ്റ് കീപ്പര്‍), കുനാല്‍ സിങ് റാത്തോഡ് (വിക്കറ്റ് കീപ്പര്‍), സാരാന്‍ഷ് ജെയ്ന്‍, അമന്‍ മോഖാഡെ, അര്‍ഷാദ് ഖാന്‍, കുനാല്‍ ചന്ദേല, ആര്യന്‍ പാണ്ഡെ, ആയുഷ് പാണ്ഡെ, യാഷ് റാത്തോഡ്, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, യാഷ് ഠാക്കൂര്‍, നചികേത് ഭൂട്ടെ.

Content Highlight: Duleep Trophy: Central Zone announced squad

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more