| Sunday, 6th August 2023, 8:28 am

വരുണിനെ കണ്ടാല്‍ അടുത്ത് പിടിച്ചിരുത്തും, ബോളിവുഡിലെ സുഹൃത്തുക്കള്‍ ഇവരൊക്കെയാണ്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് പുറത്തുള്ള മറ്റ് സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രികളിലും ബോളിവുഡിലും സ്ഥാനമുറപ്പിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. വലിയ ആരാധക വൃന്ദമാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ദുല്‍ഖറിനുള്ളത്. ബോളിവുഡിലെ തന്റെ സുഹൃത്തുക്കളെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍.

വരുണ്‍ ധവാനും അര്‍ജുന്‍ കപൂറും തന്റെ സുഹൃത്തുക്കളാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ന്യൂസ് 18 ഷോഷക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും വരുണും റൗണ്ട് ടേബിളുകളില്‍ കണ്ടുമുട്ടാറുണ്ട്. അദ്ദേഹത്തിനൊപ്പമിരിക്കുന്നത് രസകരമാണ്. അതുകൊണ്ട് അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ പിടിച്ച് അടുത്തിരുത്തും. എന്റെ അടുത്ത് തന്നെ ഇരിക്കണം എന്ന് പറയും. അര്‍ജുന്‍ നല്ല സുഹൃത്താണ്. അവരെല്ലാം ജൂഹുവിലുള്ള ഒരു സുഹൃത്ത് വലയത്തിലുണ്ട്. അഭിനേതാവാകുന്നതിന് മുമ്പ് തന്നെ അവരെ എനിക്ക് അറിയാം. അതില്‍ സോനവുമുണ്ട്. ബോളിവുഡിലെ എന്റെ സുഹൃത്തുക്കള്‍ ഇവരൊക്കെയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

റീമേക്ക് ചിത്രങ്ങളോട് തനിക്ക് താല്‍പര്യമില്ലെന്നും താരം പറഞ്ഞു. ‘ഒന്നും റീമേക്ക് ചെയ്യരുതെന്നാണ് എന്റെ ആഗ്രഹം. റീമേക്കുകളോട് എനിക്ക് താല്‍പര്യമില്ല. ഒറിജിനല്‍ കണ്ടന്റ് കണ്ടെത്താന്‍ ശ്രമിക്കണം. റിലീസിന് ശേഷം വിജയിച്ച ഒരുപാട് സിനിമകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. കാരണം അതെല്ലാം റീമേക്കുകളായിരുന്നു. അതില്‍ ഞാനൊരു ശാഠ്യക്കാരനാണ്. ഒന്നും റീമേക്ക് ചെയ്യരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

ബാംഗ്ലൂര്‍ ഡേയ്‌സ് റീമേക്ക് ചെയ്യുന്ന കാര്യം അവതാരക സൂചിപ്പിച്ചപ്പോള്‍ അവര്‍ക്ക് എല്ലാ വിധ ആശംസകളും എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ‘ബാഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കിലേക്ക് എന്നെ വിളിച്ചിരുന്നു. അതേ കഥാപാത്രം തന്നെ ചെയ്യാനായി. ഒരേ കഥാപാത്രം എന്തിനാണ് വീണ്ടും ചെയ്യുന്നത്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കിങ് ഓഫ് കൊത്ത, നെറ്റ്ഫ്ളിക്സ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ പ്രൊജക്ടുകള്‍. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുന്നത്. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ഓഗസ്റ്റ് 18മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.

വെങ്കി അറ്റ്‌ലൂരിക്കൊപ്പം ഒന്നിക്കുന്ന ലക്കി ഭാസ്‌കര്‍, റാണാ ദഗ്ഗുബാട്ടി നിര്‍മിക്കുന്ന കാന്താ എന്നീ ചിത്രങ്ങളുടെ ടൈറ്റില്‍ ലുക്കും ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു.

Content Highlight: Dulauer Salmaan about his Bollywood friends

Latest Stories

We use cookies to give you the best possible experience. Learn more