| Tuesday, 21st October 2025, 7:51 am

ടീമില്‍ സഞ്ജുവുണ്ടാകില്ല, ഉറപ്പ്; അടുത്ത മത്സരം എന്ന്?

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയിലെ അടുത്ത മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് കേരളം. മഹാരാഷ്ട്രയ്‌ക്കെതിരായ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ മഹാരാഷ്ട്ര മൂന്ന് പോയിന്റ് നേടി. ഒരു പോയിന്റാണ് കേരളത്തിന് ലഭിച്ചത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൂപ്പര്‍ താരം സഞ്ജു സാംസണായിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍.

എന്നാല്‍ പഞ്ചാബിനെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ സഞ്ജു സാംസണ്‍ കേരളത്തിനൊപ്പമുണ്ടായേക്കില്ല. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി-20 സ്‌ക്വാഡിന്റെ ഭാഗമായതിനാലാണിത്. പഞ്ചാബിന്റെ തട്ടകമായ ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

ഒക്ടോബര്‍ 25 ശനിയാഴ്ചയാണ് രഞ്ജിയില്‍ കേരളം രണ്ടാം മത്സരത്തിനിറങ്ങുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം ഒക്ടോബര്‍ 29 വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 29നാണ് ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരം. മുന്നൊരുക്കങ്ങള്‍ക്കായി സഞ്ജു നേരത്തെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.

കേരളത്തെ പോലെ തന്നെ പഞ്ചാബും തങ്ങളുടെ ആദ്യ മത്സരം ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി സമനിലയിലാണ് അവസാനിപ്പിച്ചത്. ഇന്‍ഡോറിലെ എമറാള്‍ഡ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മധ്യപ്രദേശായിരന്നു എതിരാളികള്‍. മുന്‍ ഇന്ത്യന്‍ U19 നായകന്‍ ഉദയ് സഹരണാണ് മത്സരത്തില്‍ പഞ്ചാബിനായി ചെറുത്തുനിന്നത്.

സൂപ്പര്‍ താരം രജത് പാടിദാറിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് മധ്യപ്രദേശ് ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയത്.

സ്‌കോര്‍

പഞ്ചാബ്: 232 & 143/5
മധ്യപ്രദേശ്: 519/8d

പഞ്ചാബിനെതിരായ മത്സരത്തില്‍ വിജയപ്രതീക്ഷയോടെയാണ് കേരളം കളത്തിലിറങ്ങുന്നത്. ടീമിന്റെ ബൗളിങ് യൂണിറ്റിന്റെ കരുത്ത് തന്നെയാണ് ആരാധകര്‍ക്ക് ആത്മവിശ്വാസമേറ്റുന്നത്.

ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയെങ്കിലും കേരള താരങ്ങളുടെ ബൗളിങ് പ്രകടനം മികച്ചുനിന്നിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ എം.ഡി. നിധീഷും മികച്ച പ്രകടനം പുറത്തെടുത്ത ബേസിലും ഒപ്പം മറ്റ് താരങ്ങളും തിളങ്ങിയാല്‍ ആദ്യ വിജയം സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചേക്കും.

നിലവില്‍ എലീറ്റ് ബി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ആറാം സ്ഥാനത്താണ് കേരളം. പഞ്ചാബ് ഏഴാമതും. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ഗോവ ഏഴ് പോയിന്റുമായി ഒന്നാമതാണ്. മൂന്ന് പോയിന്റ് വീതം നേടിയ മധ്യപ്രദേശും മഹാരാഷ്ട്രയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.

Content Highlight: Due to international commitments, Sanju Samson will not play Kerala’s 2nd match in Ranji Trophy

We use cookies to give you the best possible experience. Learn more