| Wednesday, 22nd October 2025, 8:11 am

ഹാട്രിക്ക് അടിക്കാനൊരുങ്ങി പ്രദീപ് രംഗനാഥൻ; 100 കോടി ക്ലബിലേക്ക് ഡ്യൂഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രദീപ് രംഗനാഥൻ – മമിത ബൈജു കോമ്പോയിൽ എത്തിയ ഹിറ്റ് ചിത്രമാണ് ഡ്യൂഡ്. ഫാമിലി- കോമഡി ഴോണറിൽ എത്തിയ ചിത്രത്തിന് തുടക്കം മുതൽ ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം നൂറ് കോടി ക്ലബിലേക്കും കടക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ഒക്ടോബർ പതിനേഴിനാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ആദ്യ ദിനം മുതൽ തന്നെ സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ചിത്രം ഇതിനോടകം 83 കോടിയിലധികം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. വേൾഡ് വൈഡ് ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്താണ് ഡ്യൂഡ്.

നായകനായ രണ്ട് ചിത്രങ്ങളും 100 കോടി ക്ലബിൽ കയറിയ നടനാണ് പ്രദീപ്. നായകനായി എത്തിയ ആദ്യ ചിത്രം ലവ് ടുഡെ ആദ്യ ദിനത്തിൽ ലഭിച്ചത് 6 കോടി രൂപയായിരുന്നു. രണ്ടാം ചിത്രമായ ഡ്രാഗണിനാകട്ടെ 13 കോടിയാണ് ആദ്യ ദിന കളക്ഷൻ. ഇപ്പോൾ തിയേറ്റരിൽ പ്രദർശനം തുടരുന്ന ഡ്യൂഡ് എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ 22 കോടിയാണ്. ഒരു നടന്റെ വളർച്ചയാണെന്നാണ് ഇത് പറയുന്നത്.

തമിഴിലെ അടുത്ത സ്റ്റാറായി മാറുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പ്രദീപ്. മൂന്ന് ചിത്രങ്ങളും നൂറ് കോടി ക്ലബിലേക്ക് കയറിയതോടെ തമിഴിലെ ടൈർ 2 നിരയിലേക്ക് സ്ഥാനം പിടിക്കും. ഈ വർഷം പുറത്തിറങ്ങുന്ന ലവ് ഇൻഷുറൻസ് കമ്പനി കൂടി 100 കോടി സ്വന്തമാക്കിയാൽ ഒരു വർഷത്തിൽ ഹാട്രിക് നേടുന്ന ആദ്യ തമിഴ് നടനായി പ്രദീപ് മാറും. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അഗൻ എന്ന കഥാപാത്രത്തെയാണ് പ്രദീപ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമിത ബൈജുവാണ് നായികയായി എത്തുന്നത്. ശരത് കുമാറും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight:  Dude Movie enters 100 crore club in some days

We use cookies to give you the best possible experience. Learn more