| Friday, 31st October 2025, 8:30 am

പ്രദീപ് വക സൂര്യക്ക് വീണ്ടും പണി, 2025ലെ ആദ്യ പത്തില്‍ നിന്ന് റെട്രോയെ പുറത്താക്കി ഡ്യൂഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൈര്‍ 3യല്ല, തമിഴിലെ ടോപ്പ് ലീഗാണ് തന്റെ ലക്ഷ്യമെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രദീപ് രംഗനാഥന്‍. പുതിയ ചിത്രമായ ഡ്യൂഡ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളില്‍ ഇതിനോടകം സ്വന്തമാക്കി. എന്നാല്‍ പ്രദീപ് കാരണം പണി കിട്ടിയത് സൂര്യക്കും. കഴിഞ്ഞ കുറച്ച് കാലമായി ബോക്‌സ് ഓഫീസില്‍ തിളങ്ങാനാകാതെ പോകുന്ന സൂര്യക്ക് തുടര്‍ച്ചയായ മൂന്നാം സിനിമയിലൂടെയും പ്രദീപ് പണി നല്കിയിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളില്‍ ഡ്യൂഡ് പത്താം സ്ഥാനത്താണ് ഇപ്പോള്‍. സൂര്യ നായകനായ റെട്രോയുടെ തമിഴ്‌നാട് കളക്ഷനാണ് ഡ്യൂഡ് മറികടന്നത്. 53 കോടിയാണ് ഡ്യൂഡ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയത്. റെട്രോയുടെ 52 കോടി മറികടന്നാണ് ഡ്യൂഡ് ആദ്യ പത്തില്‍ ഇടം നേടിയത്.

12 വര്‍ഷം പെട്ടിയില്‍ കിടന്ന വിശാല്‍ ചിത്രം മദ ഗജ രാജയുടെ തമിഴ്‌നാട് കളക്ഷന്‍ പോലും റെട്രോക്ക് നേടാന്‍ സാധിക്കാതെ പോയത് വാര്‍ത്തയായിരുന്നു. മൂന്നാമത്തെ ചിത്രവുമായി വന്ന പ്രദീപ് പോലും സൂര്യക്ക് ബോക്‌സ് ഓഫീസില്‍ വെല്ലുവിളിയുയര്‍ത്തുകയാണ്. നായകനായ ആദ്യചിത്രം മുതല്‍ പ്രദീപ് രംഗനാഥന്‍ സൂര്യക്ക് പണി നല്കിക്കൊണ്ടിരുന്നതും തമിഴ് സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു.

സൂര്യയുടെ തമിഴ്‌നാട് ഹൈയസ്റ്റ് കളക്ഷന്‍ 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2വാണ്. ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ ചിത്രങ്ങളിലൂടെ പ്രദീപ് രംഗനാഥന്‍ ഈ കളക്ഷന്‍ മറികടന്നിരുന്നു. പിന്നീട് വന്ന ഒരൊറ്റ സിനിമ പോലും പോസിറ്റീവ് അഭിപ്രായം നേടിയിട്ടില്ല. മറ്റ് നടന്മാരുടെ സിനിമകള്‍ കളക്ഷനില്‍ ബഹുദൂരം മുന്നില്‍ പോയതും സൂര്യക്ക് തിരിച്ചടിയായി.

കാടിളക്കിയ ഹൈപ്പോടെ തിയേറ്ററിലെത്തിയ കങ്കുവ ഇന്‍ഡസ്ട്രി ഡിസാസ്റ്ററായി മാറിയതും പിന്നാലെയെത്തിയ റെട്രോ പ്രതീക്ഷക്കൊത്ത് ഉയരാത്തതും സൂര്യ ആരാധകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കംപ്ലീറ്റ് പോസിറ്റീവ് റിവ്യൂ ലഭിക്കുന്ന ഒരു സിനിമയിലൂടെ മാത്രമേ ഇനി സൂര്യക്ക് തമിഴ്‌നാട്ടില്‍ പഴയ ജനപ്രീതി തിരികെ ലഭിക്കുള്ളൂ.

ആര്‍. ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പാണ് സൂര്യയുടെ അടുത്ത റിലീസ്. റൂറല്‍ മാസ് എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം ദീപാവലിക്ക് പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് മാറ്റിയത് സൂര്യക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫെസ്റ്റിവല്‍ റിലീസുകള്‍ കൃത്യമായി ഉപയോഗിക്കാത്തതും താരത്തിന്റെ തിരിച്ചുവരവ് വൈകിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Dude movie entered to the Top 10 collection in Tamilnadu and Retro out from list

We use cookies to give you the best possible experience. Learn more