| Thursday, 23rd October 2025, 4:22 pm

അടുത്ത ധനുഷോ ശിവകാര്‍ത്തികേയനോ അല്ല, ഒരേയൊരു പ്രദീപ് രംഗനാഥന്‍, ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതി ഡ്യൂഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് സൃഷ്ടിച്ച ഒഴിവിലേക്ക് ഇനി ആരെന്ന ചോദ്യം തമിഴ് സിനിമയെ അലട്ടാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. വിജയ് നേടിയ ജനപിന്തുണയും സിനിമകളുടെ വിജയവും ആര്‍ക്കെങ്കിലും വീണ്ടും സൃഷ്ടിക്കാനാകുമോ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്. ധനുഷ്, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ സിനിമകള്‍ അതിനുള്ള ഉത്തരമായി ചിലര്‍ കണക്കാക്കിയെങ്കിലും ഇപ്പോള്‍ ഇരുവര്‍ക്കും വെല്ലുവിളിയായി മാറിയ പുതിയൊരു നടനാണ് ചര്‍ച്ചാവിഷയം.

സംവിധായകനായി സിനിമാലോകത്തേക്ക് കടന്നുവന്ന്, ഇന്ന് ഇന്‍ഡസ്ട്രിയുടെ ശ്രദ്ധാ കേന്ദ്രമായി മാറിയ പ്രദീപിന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്യൂഡ് ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് ആറാം ദിനം തന്നെ 100 കോടി ക്ലബ്ബിലേക്ക് രാജകീയമായി പ്രവേശിച്ചിരിക്കുകയാണ് ഡ്യൂഡ്. ഈ വര്‍ഷം തമിഴിലെ ഏഴാമത്തെ 100 കോടി ചിത്രമായി ഡ്യൂഡ് മാറി.

നായകനായി അഭിനയിച്ച മൂന്ന് സിനിമകളും 100 കോടി ഗ്രോസ്സ് നേടി പ്രദീപും ചരിത്രം കുറിച്ചു. ആദ്യമായി അഭിനയിച്ച മൂന്ന് സിനിമകള്‍ക്കും 100 കോടിയുടെ ഗ്രോസ് ഉള്ള മറ്റ് നടന്മാരാരും ഇന്‍ഡ്‌സ്ട്രിയിലില്ല. സംവിധാനം ചെയ്ത ആദ്യ ചിത്രം 50 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. പിന്നീട് സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലവ് ടുഡേ 90 കോടിയോളം നേടിയിരുന്നു. ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 100 കോടിക്കും മുകളിലായിരുന്നു.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഡ്രാഗണ്‍ സര്‍പ്രൈസ് ഹിറ്റായി മാറി. 150 കോടിയോളമാണ് ചിത്രം നേടിയത്. ഡ്യൂഡും 100 കോടി നേടിയതോടെയാണ് പ്രദീപിന്റെ സ്റ്റാര്‍ഡം എത്രമാത്രം വലുതാണെന്ന് സിനിമാലോകം തിരിച്ചറിഞ്ഞത്. അടുത്തൊന്നും വലിയ റിലീസുകളില്ലാത്തതിനാല്‍ ഡ്യൂഡ് ഗംഭീര മുന്നേറ്റം കാഴ്ചവെക്കുമെന്ന് ഉറപ്പാണ്.

ഈ വര്‍ഷം ഒരു ചിത്രം കൂടി പ്രദീപിന്റേതായി പുറത്തിറങ്ങാനുണ്ട്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. ദീപാവലിക്ക് റിലീസ് ചെയ്യാനുദ്ദേശിച്ച ചിത്രം ഡ്യൂഡ് കാരണം മാറ്റിവെക്കുകയായിരുന്നു. ലവ് ഇന്‍ഷുറന്‍സ് കമ്പനിയും 100 കോടി കളക്ഷന്‍ നേടുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഷോര്‍ട് ഫിലിമുകളിലൂടെയാണ് പ്രദീപ് സിനിമാലോകത്തേക്ക് കടന്നുവന്നത്. കൈപിടിച്ചുയര്‍ത്താന്‍ ഗോഡ്ഫാദര്‍മാരില്ലാത്ത പ്രദീപ് ആദ്യകാലങ്ങളില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ധനുഷിനെ മനപൂര്‍വം അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ അടുത്ത ധനുഷോ ശിവകാര്‍ത്തികേയനോ അല്ല താനെന്ന് ഡ്യൂഡിന്റെ വിജയത്തോടെ പ്രദീപ് മറുപടി നല്കിയിരിക്കുകയാണ്.

Content Highlight: Dude Movie entered in 100 crore club and made history

We use cookies to give you the best possible experience. Learn more