അമരൻ സിനിമയിൽ സായ് പല്ലവിക്കായി രണ്ട് ഭാഷകളിൽ ഡബ്ബ് ചെയ്ത അനുഭവം പങ്കുവെച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് മരിയ ലാലി ജോണി. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ സായ് പല്ലവിയുടെ കഥാപാത്രത്തിനായി ആദ്യം റഫറൻസ് ട്രാക്ക് തയ്യാറാക്കിയതും പിന്നീട് മലയാളം പതിപ്പിൽ സായ് പല്ലവിക്കായി ഡബ്ബ് ചെയ്തതും മറക്കാനാകാത്ത അനുഭവമാണെന്ന് മരിയ പറയുന്നു.
‘അമരൻ സിനിമയിൽ ഞാൻ സായ് പല്ലവിക്കായി തമിഴിലും മലയാളത്തിലും ഡബ്ബ് ചെയ്തിട്ടുണ്ട്. തമിഴിൽ സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ മുഴുവൻ ഡയലോഗും ആദ്യം ഞാൻ ഡബ്ബ് ചെയ്തിരുന്നു. ഞാൻ ഡബ്ബ് ചെയ്ത ആ ട്രാക്ക് കേട്ടിട്ടാണ് സായ് പല്ലവി പിന്നീട് ഡബ്ബ് ചെയ്തത്,’ മരിയ പറഞ്ഞു.
അമരൻ. Photo: IMDb
അമരൻ സിനിമയിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രം മലയാളി പെൺകുട്ടിയുടേതാണ്. ചെന്നൈയിൽ പഠിക്കാനെത്തുന്ന കഥാപാത്രം മലയാളവും തമിഴും സ്വാഭാവികമായി സംസാരിക്കുന്ന രീതിയിലായിരിക്കണമെന്നതുകൊണ്ടാണ് മലയാളി ഡബ്ബിങ് ആർട്ടിസ്റ്റിനെക്കൊണ്ട് റഫറൻസ് ട്രാക്ക് ചെയ്യാൻ അവർ തീരുമാനിച്ചത് എന്നും മരിയ പറഞ്ഞു.
‘എനിക്ക് ആദ്യം സിനിമ ഏതാണെന്നോ ആരുടെ കഥാപാത്രത്തിനാണ് ഡബ്ബ് ചെയ്യേണ്ടതെന്നോ അറിയില്ലായിരുന്നു. ഒരു വോയ്സ് ടെസ്റ്റ് മാത്രമാണ് ആദ്യം ചെയ്തത്. മലയാളത്തിലും തമിഴിലും ഫോൺ കോളിൽ സംസാരിക്കുന്ന പോലെയുള്ള ഒരു ട്രാക്ക് അയക്കാനായിരുന്നു പറഞ്ഞത്. സീനിയർ ഡബ്ബിങ് ആർട്ടിസ്റ്റായ കൈലാസ് വഴിയാണ് എനിക്ക് ഈ അവസരം ലഭിച്ചത്,’മരിയ പറഞ്ഞു.
വോയ്സ് ടെസ്റ്റിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടതോടെ ചെന്നൈയിലേക്ക് വിളിപ്പിച്ചു. രണ്ട് ദിവസമെടുത്താണ് തമിഴ് പതിപ്പിൽ സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ മുഴുവൻ സംഭാഷണങ്ങളും ഡബ്ബ് ചെയ്തതെന്നും അത് കേട്ടിട്ടാണ് സായിപല്ലവി അമരന് വേണ്ടി ഡബ്ബ് ചെയ്തതെന്നും മരിയ കൂട്ടിച്ചേർത്തു.
മരിയ ലാലി ജോണി. Photo: Screengrab/ Youtube.com
‘രണ്ട് ദിവസം കൊണ്ട് തമിഴിലെ മുഴുവൻ ഡയലോഗും ഞാൻ ഡബ്ബ് ചെയ്തു. അതും അവിടെ ചെന്നൈയിൽ പോയി. അതിന് ശേഷം ഞാൻ ചെയ്ത ട്രാക്ക് സായ് പല്ലവിക്ക് കേൾപ്പിച്ചിട്ടാണ് അവർ ഡബ്ബ് ചെയ്തത്. അതൊക്കെ എനിക്ക് വലിയൊരു അനുഭവമായിരുന്നു. ‘അമരൻ’ ഒ.ടി.ടി യിൽ എത്തിയപ്പോഴാണ് വീണ്ടും മലയാളം പതിപ്പിനായി ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിച്ചത്. അങ്ങനെ ഒരേ സിനിമയിൽ സായ് പല്ലവിക്കായി രണ്ട് വ്യത്യസ്ത ഭാഷകളിൽ ഡബ്ബ് ചെയ്യാൻ കഴിഞ്ഞു,’ മരിയ പറഞ്ഞു.