ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സംഭാവനകൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഉർവശിയുടെ ഒരു അഭിമുഖ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ഡബ്ബിങ്ങിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉർവശി നൽകിയ മറുപടിയെയാണ് ഭാഗ്യലക്ഷ്മി വിമർശിച്ചത്. ആശ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവശി സംസാരിച്ചിരുന്നത്.
‘ഈ സിനിമയൊന്നും ആരാണ് ശബ്ദം നൽകിയതെന്ന് അവർക്ക് അറിയുകയേയില്ല, പാവം അല്ലേ… പേര് പറയരുത്. ടോപ്പിക് ഡൈവേർട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം,’എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്. ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ വിഷയത്തിൽ ഇനിയും സംസാരിക്കുമെന്നും അവർ വ്യക്തമാക്കി.
ഉർവശി. Photo. Screengrab/ Youtube
‘ഇവിടെയാണ് മോഹൻലാലിന്റെ മകൾ ‘വിസ്മയ’യെ ഞാൻ റെസ്പെക്ട് ചെയ്യുന്നത്. അവരോട് ആരും ഡബ്ബിങ്ങിനെപ്പറ്റി ചോദിച്ചില്ല. എന്നിട്ടും അവർ ഡബ്ബിങ് ആർട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ പറയും. ഇത് എല്ലാ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെയും വിഷയമാണ്. അവർ പറയുന്നില്ല, ഞാൻ പറയുന്നു. ഇനിയും പറയും, പറഞ്ഞുകൊണ്ടേയിരിക്കും,’ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഉർവശിക്ക് താനായിരുന്നു ഏറ്റവുമധികം ഡബ് ചെയ്തിരുന്നതെന്നും പിന്നീട് ചില വാക്കുകളോട് യോജിക്കാൻ കഴിയാത്തതിനെ തുടർന്ന് ഇനി ഡബ് ചെയ്യില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് മറ്റ് പലരും ഡബ് ചെയ്തപ്പോഴും അതിനേക്കാൾ ഭേദം സ്വന്തമായി ശബ്ദം നൽകുന്നതാണെന്ന് ഉർവശിക്ക് തോന്നിയതോടെ അവർ സ്വന്തം കഥാപാത്രങ്ങൾക്ക് ഡബ് ചെയ്യാൻ തുടങ്ങുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി മുൻ കാല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
‘കളിപ്പാട്ടം’ സിനിമയിലെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അഭിമുഖത്തിൽ അവതാരക ചോദിക്കുകയായിരുന്നു. ചിത്രത്തിലെ ‘എനിക്ക് പ്രേമിക്കാൻ തോന്നുന്നു, ഞാൻ പ്രേമിച്ചു കഴിഞ്ഞു’ എന്നതുപോലുള്ള ഡയലോഗുകളുടെ ഡെലിവറിയും മാനറിസങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള സംസാരത്തിനിടെയാണ് വിഷയം ഡബ്ബിങ്ങിലേക്ക് എത്തിയത്. എന്നാൽ ഡബ്ബിങ്ങിനെക്കുറിച്ചുള്ള ആ വിഷയം ചർച്ചയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം.
ഉർവശി. Photo. Screengrab/ Youtube
വേണു ചേട്ടൻ തന്നെ കുഞ്ഞിലേ മുതൽ അറിയാവുന്നയാളാണെന്നും, തന്റെ അഭിനയം മനസ്സിൽ കണ്ടുകൊണ്ടാണ് ‘എ ഓട്ടോ’ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ചില സ്ക്രിപ്റ്റുകൾ എഴുതിയതെന്നായിരുന്നു ഡബ്ബിങിനെ കുറിച്ച് ചോദിച്ചപ്പോൾ ഉർവശി മറുപടി നൽകിയത്. മനപ്പൂർവം ഡബ്ബിങിനെ കുറിച്ച് സംസാരിക്കാതെ വിഷയത്തെ ഡൈവേർട്ട് ചെയ്യുകയാണ് അവർ ചെയ്‌തെന്നുമാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് പങ്കുവെച്ചതിലൂടെ സംസാരിച്ചത്.
Content Highlight: Dubbing Artist bhagyalakshmi talks about Actress urvashi