ഡബ്ബിങ് രംഗത്ത് അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനിൽക്കുന്നയാളാണ് ഭാഗ്യലക്ഷ്മി. ചെറുപ്രായത്തിൽ തന്നെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച ഭാഗ്യലക്ഷ്മി മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകൾക്ക് ശബ്ദം നൽകി. മൂന്ന് തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും ഭാഗ്യലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിലും ഭാഗ്യലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വർഷങ്ങളായി നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ടെങ്കിലും ചില സിനിമകളിലെ ഡയലോഗുകൾ ഡബ്ബ് ചെയ്യുമ്പോൾ തനിക്ക് തന്നെ ക്രിഞ്ച് തോന്നിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പറയുമ്പോൾ താൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ലെന്നും, ചില ഡയലോഗുകൾ കേട്ട് സ്വന്തം ശബ്ദത്തോട് പോലും വെറുപ്പ് തോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മി. Photo. Screen Grab/ Youtube
‘കുറേ സിനിമകളിൽ ഡബ്ബിങ് ചെയ്തപ്പോൾ ക്രിഞ്ച് അടിച്ചിട്ടുണ്ട്. ‘ബാവുട്ടിയുടെ നാമത്തിൽ’ ഡബ്ബ് ചെയ്തപ്പോഴും അങ്ങനെ ആയിരുന്നു. അത് കേട്ടിട്ട് എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ് തോന്നുന്ന പോലൊരു സാധനം ഉണ്ടായിട്ടുണ്ട്. കാവ്യ മാധവന് ‘മാടമ്പി’ സിനിമയിൽ ഡബ്ബ് ചെയ്യുമ്പോൾ വോയിസ് സ്യൂട്ട് ആവുന്നുണ്ടോ എന്നതിനേക്കാളും, എനിക്ക് തന്നെ അത് ഒട്ടും കംഫർട്ടബിൾ അല്ലാത്ത പോലെയാണ് തോന്നിയത്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
ഡയലോഗുകൾ കാരണം ഡബ്ബ് ചെയ്യാൻ തന്നെ ബുദ്ധിമുട്ട് തോന്നിയ സിനിമകളും ഉണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചുള്ള സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ പറയേണ്ടിവരുമ്പോൾ തനിക്ക് അസ്വസ്ഥത തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.
‘ഡയലോഗ്സ് ഒക്കെ പറയാൻ ക്രിഞ്ച് ഉള്ള ചില പടങ്ങളുണ്ട്. ഒരു ഭയങ്കര പേര് കേട്ട സിനിമയാണ്. അതിൽ ‘സ്ത്രീകൾ എന്തൊക്കെ പറഞ്ഞാലും പുരുഷന്റെ കാൽക്കീഴിലാണ്’ എന്നൊക്കെയുള്ള ഡയലോഗുണ്ട്. അയ്യോ, അതൊക്കെ എനിക്ക് പറ്റില്ല, പറ്റില്ല എന്ന് പറയും. അപ്പോൾ എന്നോട് മിണ്ടാതെ ഒന്ന് ഡബ്ബ് ചെയ്യ് എന്ന് അവർ പറയും. ചെറുപ്പത്തിലൊക്കെ ഞാൻ ‘ഇത് എന്ത് വൃത്തികെട്ട ഡയലോഗാണ്’ എന്ന് പറയുമായിരുന്നു,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ കഥാപാത്രത്തിന്റെ സംഭാഷണങ്ങളോട് വ്യക്തിപരമായി യോജിപ്പില്ലെങ്കിലും അത് അവതരിപ്പിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിൽ രോഹിണി അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയപ്പോഴുണ്ടായ അനുഭവവും താരം പങ്കുവച്ചു.
ഭാഗ്യലക്ഷ്മി.Photo. Screen Grab/ Youtube
‘മമ്മൂക്കയുടെ സിനിമയിലെ ആ ഒരു ഡയലോഗുണ്ട്, അത് ഞാനാണ് പറഞ്ഞിരിക്കുന്നത്. ആ സമയത്തൊക്കെ ഞാൻ എതിർപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഷോട്ടൊക്കെ ക്ലോസായതുകൊണ്ട് നമുക്ക് ഡയലോഗ് പറയുക എന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല. മാത്രമല്ല, അവിടെ ഒന്നും നമ്മൾ ഫെമിനിസം പറഞ്ഞിട്ട് കാര്യമില്ല. ആ കഥാപാത്രം ചിലപ്പോൾ അങ്ങനെയായിരിക്കും. അതുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റില്ല എന്ന് പറയാൻ പറ്റില്ല,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlight: Dubbing artist Bhagyalakshmi openly admits that she has felt a sense of ‘cring’ While dubbing for certain movies.