| Monday, 3rd June 2019, 6:51 pm

രാജകീയ കല്ല്യാണമേളത്തിനൊരുങ്ങി ദുബായ്; ക്ഷണക്കത്തും, അണിഞ്ഞൊരുങ്ങിയ ദുബായ് പാലസും കാണാം.

ഷംസീര്‍ ഷാന്‍

ദുബെയ്: ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് ലോകം കാതോര്‍ക്കുമ്പോള്‍ ദുബായില്‍ കല്ല്യാണമേളത്തിനും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ 3 ആണ്‍ മക്കളുടെ വിവാഹമാണ് ഈ വ്യാഴാഴ്ച അരങ്ങേറുന്നത്.

വിവാഹ ആഘോഷച്ചടങ്ങിന്റെ ക്ഷണക്കത്ത് പുറത്തുവന്നു. സ്വര്‍ണ്ണനിറത്തില്‍ കാലിഗ്രാഫി ശൈലിയിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ദീപാലങ്കാരങ്ങളില്‍ മുങ്ങിയൊരുങ്ങിയ ദുബായ് സബീല്‍ പാലസിന്റെ ചിത്രങ്ങളും പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഒരേ സമയം മൂന്ന് രാജകുടുംബാംഗങ്ങളുടെ വിവാഹം നടക്കുമ്പോള്‍ വലിയ ഒരുക്കങ്ങളോടെയാണ് സബീല്‍ പാലസ് അതിഥികളെ കാത്തിരിക്കുന്നത്. ഈ മാസം ആറിന് വൈകിട്ട് നാലിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പുരുഷന്മാര്‍ക്കുള്ള വിവാഹ വിരുന്നു സല്‍ക്കാരം നടക്കും.

സ്ത്രീകള്‍ക്ക് മാത്രമായി വേറെയും വിരുന്ന് സല്‍ക്കാരം സംഘടിപ്പിക്കുന്നുണ്ട്. ഷൈഖ് മുഹമ്മദിന്റെ പുത്രന്മാരായ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ (36) , ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം (35), നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമദ് (32) എന്നിവരുടെ വിവാഹ വിരുന്നാണ് വ്യാഴാഴ്ച നടക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 15 ന് മൂന്ന് പേരും മതപരമായ ചടങ്ങില്‍ വെച്ച് വിവാഹിതരായിരുന്നു. ഇതില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തുള്ളൂ. എന്നാല്‍, വിവാഹ വിരുന്നില്‍ ലോകത്തിലെ പ്രമുഖ രാഷ്ട്ര നേതാക്കളും ഭരണാധികാരികളും സംബന്ധിക്കും.

ഷംസീര്‍ ഷാന്‍

Latest Stories

We use cookies to give you the best possible experience. Learn more