ഗുവാഹത്തി: മ്യാന്‍മറില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നതിനുള്ള പ്രധാന ഇടനാഴിയായി അസം മാറിയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാജ്യാന്തര അതിര്‍ത്തി കടന്നെത്തുന്ന മയക്കുമരുന്ന് ശൃംഖലയെ തകര്‍ക്കാന്‍ ശക്തമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
അസം അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മ്യാന്‍മറില്‍ നിന്നാണ് മയക്കുമരുന്നുകള്‍ പ്രധാനമായും ഇന്ത്യയിലേക്ക് എത്തുന്നത്. മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ വഴിയാണ് ഇവ അസമില്‍ എത്തിക്കുന്നത്.
ഇവിടെ നിന്ന് പിന്നീട് പശ്ചിമ ബംഗാളിലേക്കും അവിടെ നിന്ന് രാജ്യത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലേക്കും മയക്കുമരുന്ന് വന്‍തോതില്‍ കടത്തപ്പെടുന്നു.
പൊലീസിന്റെ കണ്ണ് വെട്ടിക്കാന്‍ പുതിയ തന്ത്രങ്ങളാണ് മയക്കുമരുന്ന് മാഫിയകള്‍ പ്രയോഗിക്കുന്നത്. ചെറിയ അളവില്‍ ഹെറോയിന്‍ പോലുള്ള മാരക മയക്കുമരുന്നുകള്‍ കടത്തുന്നതിനായി ഇവര്‍ സ്ത്രീകളെയും കുട്ടികളെയും വന്‍തോതില്‍ ചൂഷണം ചെയ്യുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ശരീരത്തില്‍ പ്ലാസ്റ്ററുകള്‍ ഒട്ടിച്ച് അതിനുള്ളില്‍ ഒളിപ്പിച്ചാണ് ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുന്നത്.
മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ പ്രതിരോധമാണ് സംസ്ഥാനം ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ മാത്രം 473 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് അസം സര്‍ക്കാര്‍ പരസ്യമായി നശിപ്പിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏകദേശം 3,327 കോടിയുടെ മയക്കുമരുന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അസമില്‍ നിന്നും പിടികൂടിയത്. 3300ലധികം കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അസം വഴി കടന്നുപോകുന്ന മയക്കുമരുന്നിന്റെ 20 ശതമാനം മാത്രമാണ് നിലവില്‍ പൊലീസിന് പിടിച്ചെടുക്കാന്‍ സാധിക്കുന്നത് എന്നത് വലിയൊരു വെല്ലുവിളിയായി തുടരുന്നു.
എന്നാല്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അസമില്‍ മയക്കുമരുന്നിന്റെ ഉപയോഗം താരതമ്യേന വളരെ കുറവാണെന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കടത്ത് ഫലപ്രദമായി തടയുന്നതിനായി അസം, മിസോറാം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ മികച്ച ഏകോപനവും സഹകരണവും നിലവിലുണ്ട്. പശ്ചിമ ബംഗാളിലെ പുതിയ സര്‍ക്കാര്‍ ഈ പോരാട്ടത്തില്‍ വലിയ രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.
മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ അസമിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും കൃത്യമായ രാഷ്ട്രീയ സമവായമുണ്ട്.
മ്യാന്‍മറുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോവുകയാണ്. ഇത് മയക്കുമരുന്ന് ഒഴുക്ക് തടയാന്‍ വലിയ രീതിയില്‍ സഹായിക്കും. ഇതിനൊപ്പം മിസോറാം, മണിപ്പൂര്‍ അതിര്‍ത്തികളിലെ ചെക്ക് പോയിന്റുകളിലെ പരിശോധന നിലവില്‍ കര്‍ശനമാക്കിയിട്ടുണ്ട്.
പരമ്പരാഗത പരിശോധനകള്‍ക്ക് പുറമേ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാകും ഇനി മയക്കുമരുന്ന് മാഫിയകളെ നേരിടുകയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
Content highlight: Drug smuggling from Myanmar; Assam emerging as a key corridor, says Himanta Biswa Sarma.