| Sunday, 19th January 2025, 2:01 pm

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്നുക്ഷാമം; എം.കെ. രാഘവന്‍ എം.പിയുടെ നിരാഹാര സമരം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുള്ള എം.കെ. രാഘവന്‍ എം.പിയുടെ നിരാഹാര സമരം തുടരുന്നു. 24 മണിക്കൂര്‍ സമയത്തേക്കാണ് നിരാഹാരം സമരം നടക്കുക.

മൂന്നാഴ്ച മുമ്പേ മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോര്‍ജിനും പരാതി നല്‍കിയിട്ടുണ്ടെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും എം.പി പ്രതികരിച്ചു.

ഇന്ന് (ഞായര്‍) രാവിലെ 8.30 ഓടെ ആരംഭിച്ച സമരം എം.കെ. മുനീര്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രമായി മാസത്തില്‍ അഞ്ച് കോടി രൂപയുടെ മരുന്നുകളാണ് ആവശ്യമായി വരുന്നതെന്ന് എം.കെ. മുനീര്‍ പറഞ്ഞു. നിലവില്‍ മരുന്നുകളുടെ അഭാവത്തില്‍ 90 കോടിയുടെ കുടിശ്ശിക ഉണ്ടെന്നും എം.എല്‍.എ പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമത്തില്‍ ജില്ലയിലെ സാധാരണക്കാര്‍ വലയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരുന്ന് ക്ഷാമത്തില്‍ നടപടി എടുക്കാത്ത പക്ഷം പ്രതിഷേധം കനപ്പിക്കുമെന്ന് കോഴിക്കോട് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.

എച്ച്.ഡി.സി ഫണ്ടില്‍ ഒരു രൂപപോലുമില്ലെന്നും എല്ലാം സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചിരിക്കുകയാണെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. രോഗികളെ ഭയന്നാണ് കളക്ടര്‍ ആശുപത്രി സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിതരണക്കാര്‍ക്ക് പണം നല്‍കാത്തതാണ് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമത്തിന് കാരണമായത്. വിതരണക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെയ് പകുതി വരെയുള്ള കുടിശ്ശിക കൈമാറിയെന്നാണ് വിവരം.

Content Highlight: Drug shortage in Kozhikode Medical College; MK Raghavan MP’s hunger strike continues

We use cookies to give you the best possible experience. Learn more