| Wednesday, 20th December 2017, 11:12 am

മമ്മൂക്കാന്റെ ഫാനായാലും കൊള്ളാം കാറ്റാടി ആയാലും കൊള്ളാം ഓളേയ്, നല്ല അസ്സല്‍ പെങ്കുട്ട്യാ ;പാര്‍വ്വതിയെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി ഷിംന അസീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: കസബ സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ അഭിപ്രായം പറഞ്ഞതിനെതിനെ തുടര്‍ന്ന് നടി പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡോക്ടര്‍ ഷിംന അസീസ് രംഗത്ത്. നല്ല തന്റേടവും മൊഞ്ചും അഭിനയശേഷിയും തലക്കകത്ത് ആള്‍ത്താമസവുമുള്ള അസ്സല്‍ പെണ്ണാണ് പാര്‍വ്വതിയെന്നും ഓളൊന്ന് തലയുയര്‍ത്തി നെഞ്ചും വിരിച്ച് കുറച്ച് സത്യങ്ങള്‍ വിളിച്ച് പറഞ്ഞപ്പോ ഭൂലോകമലയാളത്തിലെ സകല ആണധികാരവാദികള്‍ക്കും ഒന്നിച്ചു കുരുപൊട്ടിയെന്നും ഷിംന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പെണ്ണുങ്ങള്‍ക്ക് വേണ്ടി മിണ്ടിയാല്‍ കുറ്റം, ആണുങ്ങള്‍ എന്ന് വെച്ചാല്‍ പടച്ചോന്റെ പര്യായമാണ് എന്ന് തീരുമാനിച്ചുറപ്പിച്ച ചിലതുങ്ങളുടെ താന്തോന്നിത്തരത്തെ കുറിച്ച് തുറന്നെഴുതിയാല്‍ കുഴപ്പമാണെന്നും സ്വന്തം മനസ്സിലുള്ളത് എവിടേലുമൊന്ന് കുത്തിക്കുറിച്ച് കണ്ടാല്‍ സഹിക്കൂലെന്നും ആകെ മൊത്തം ഡിസോര്‍ഡര്‍. ഞങ്ങള്‍ സുജൂദ് ചെയ്യണം പോലും, മനസ്സിലായില്ലേ? അതന്നെ, നമ്മുടെ സാഷ്ടാംഗപ്രണാമം. നടന്നത് തന്നെയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആണുങ്ങളുടെ ലൈക്കും ഷെയറും കയ്യടിയും യഥേഷ്ടം കിട്ടുന്നത് എഴുതുന്നതും പറയുന്നതും പെണ്ണായത് കൊണ്ടാണെന്ന് ചില അവന്‍മാരുടെ കരക്കമ്പി. അല്ല, അവര്‍ക്ക് ഞങ്ങളെ മനുഷ്യനായി കാണാന്‍ പറ്റുന്നത് കൊണ്ടാണ്. നല്ല കണ്ടീഷനിലുള്ള അവയവം ഒരെണ്ണം ഞങ്ങള്‍ക്കും കാതുകള്‍ക്കിടയിലുമുണ്ട് മിസ്റ്റര്‍. തനിക്കത് കാണൂല, തന്റെയൊക്കെ ചിന്ത വരെ അരക്കെട്ടില്‍ നിന്നാകുമല്ലോ ഉരുത്തിരിയുന്നത് ഷിംന ചോദിക്കുന്നു.

പിന്നെ വന്ന് എടീ, പോടീ, പെണ്ണേ, ചെലക്കാതെ പോടീ, മറ്റോളേ, മറിച്ചോളേ വിളിക്കുന്നത്… അത് തന്റെ തറവാട്ടിലെ കണ്ണാടിയുടെ മുന്നില്‍ പുറത്തെടുത്താല്‍ മതി. ഉശിരുള്ള പെണ്ണുങ്ങളുടെ അടുത്ത് ഉണ്ടാക്കേണ്ട. തലയിലൊരു തട്ടമുള്ളത് കൊണ്ട് ഞമ്മള്‍ പിന്നെ വെറും ഫെമിനിച്ചിയല്ല- “മാപ്പിള ഫെമിനിച്ചി” ആണ് പോലും! ഏതോ മഹാന്റെ കമന്റില്‍ കണ്ടതാണ്. പാര്‍വ്വതി എന്നല്ല, ഏത് പെണ്ണിനും ഉള്ളത് വിളിച്ച് പറയാം, വിളിച്ച് പറയുകയും ചെയ്യും. കുരങ്ങ് ചാടിക്കലും പുച്ഛിക്കലും അവഹേളിക്കലുമൊക്കെ കൈയില്‍ വെച്ചോണ്ടിരുന്നാല്‍ മതിയെന്നും ഷിന പറയുന്നു.

ആ പിന്നേ, മമ്മൂക്കാന്റെ ഫാനായാലും കൊള്ളാം കാറ്റാടി ആയാലും കൊള്ളാം, പാര്‍വ്വതി സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പച്ചത്തെറി വിളിക്കുന്നോര്‍ക്ക് നേരെ അരവാക്ക് മിണ്ടാതെ കുറ്റകരമായ മൗനം പാലിക്കുന്ന ഇക്കാനോട് നല്ല അസ്സല്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്നും വല്ല്യോരു സ്റ്റാറാന്ന് വെച്ചിട്ട് ആര്‍ക്കും വിമര്‍ശിച്ചൂടാ എന്നൊന്നുമില്ലെന്നും ഷിംന ഓര്‍മ്മപ്പെടുത്തുന്നു.

കടന്നല്‍കൂടിന് കല്ലേറ് കൊണ്ട മാതിരി ഇളകിയവരെ തിരിച്ച് കൂട്ടില്‍ കേറ്റാന്‍ നല്ലോണം ഒന്ന് തുറിച്ച് നോക്കിയാല്‍ പോരായിരുന്നോ എന്നും അതോ ഇനി പാര്‍വ്വതി ഉറക്കെയൊന്ന് കരഞ്ഞിരുന്നെങ്കില്‍ ഉണരാമായിരുന്നൂ എന്നും കരുതി കണ്ണിലെണ്ണ കോരിയൊഴിച്ച് കട്ട വെയിറ്റിംഗ് ആണോ? ഓള്‍ അതെല്ലാം പിന്‍വലിച്ചിട്ട് ഇങ്ങളെ പ്ലാന്‍ നടന്നത് തന്നെ. ഓളേയ്, നല്ല അസ്സല്‍ പെങ്കുട്ട്യാണെന്നും ഷിംന തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more