| Saturday, 28th November 2026, 7:13 am

കുവൈറ്റില്‍ ആക്രമണം നടത്തിയ ഡ്രോണ്‍ ഇറാനില്‍ നിര്‍മിച്ചതെന്ന് ഇറ്റലി

റെന്വര്‍ പി

റോം: കുവൈറ്റില്‍ രണ്ട് ഇറ്റാലിക്കാര്‍ കൊല്ലപ്പെടാന്‍ കാരണമായ ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ഇറാനില്‍ നിര്‍മിച്ചതെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി. കുവൈറ്റ് അധികൃതരുടെ അന്വേഷണത്തില്‍ ഈ കാര്യം പറയുന്നുണ്ടെന്നും തജാനി ഇന്നലെ (നവംബര്‍ 27, വെള്ളി) ഇറ്റാലിയന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

‘കുവൈറ്റ് അധികൃതര്‍ നടത്തിയ അന്വേഷണ പ്രകാരം, ഈ ഡ്രോണ്‍ ഇറാനില്‍ നിര്‍മ്മിച്ചതാണ്,’ തജാനി പറഞ്ഞു. ഡ്രോണ്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്റെ അവകാശ വാദത്തെ എതിര്‍ക്കുന്നതായി തജാനി വ്യക്തമാക്കി.

‘ഇറാനിയന്‍ പ്രദേശത്ത് നിന്നല്ല ഡ്രോണ്‍ വിക്ഷേപിച്ചതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇറാനുമായി ബന്ധമുള്ള ഗ്രൂപ്പുകളുടെയും സഖ്യകക്ഷികളുടെയും കൈവശം ഇറാനില്‍ നിര്‍മ്മിച്ച ഡ്രോണുകള്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമല്ലോ,’ തജാനി മാധ്യമങ്ങളോട് പറഞ്ഞു.

ഡ്രോണ്‍ ആക്രമണം സംശയാസ്പദമാണെന്ന് അരാഗ്ചി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറ്റലിയുമായും കുവൈറ്റുമായും സഹകരിക്കാന്‍ ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ഈ സംഭവം സംശയാസ്പദമാണ്. ഇതൊരു യുദ്ധത്തിലേക്ക് നയിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ തോന്നിക്കുന്നു. ഇങ്ങനെ സംഭവിക്കാനുള്ള കാരണം കണ്ടെത്തുന്നതിനായി കുവൈറ്റുമായും ഇറ്റലിയുമായും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ എന്നായിരുന്നു അരാഗ്ചിയുടെ പരാമര്‍ശം.

നേരത്തെ, തങ്ങളുടെ സായുധ സേന ഈ മേഖലയില്‍ സൈനിക നടപടികളോ ആക്രമണങ്ങളോ നടത്തിയിട്ടില്ലെന്ന് ഇറാന്‍ സൈന്യവും പ്രതികരിച്ചിരുന്നു. ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് വ്യാഴാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇറാന്‍ സായുധ സേനാ വക്താവ് അബോല്‍ഫസ്ല് ഷെകാര്‍ച്ചി തള്ളിയിരുന്നു. ആക്രമണം തങ്ങളല്ല നടത്തിയതെന്നും ഇസ്രഈലും അമേരിക്കയും ചേര്‍ന്ന് ഇറാന്റെ തലയില്‍ കെട്ടിവെക്കാനുള്ള ഫോള്‍സ് ഫ്ലാഗ് ആക്രമണങ്ങള്‍ നടത്തിയെന്നുമാണ് ഷെകാര്‍ച്ചി പറഞ്ഞത്.

വ്യാഴാഴ്ചയാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ പതിച്ചാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശത്രുതാപരമായ നിരവധി ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും, ഇറാന്‍ നടത്തിയതെന്ന് കരുതപ്പെടുന്ന ആക്രമണത്തില്‍ ഒരു പ്രധാന കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ആളപായവും നാശനഷ്ടങ്ങളും ഉണ്ടാവുകയും ചെയ്തുവെന്നും കുവൈറ്റ് സൈന്യം വ്യാഴാഴ്ച അറിയിച്ചിരുന്നു.

ആക്രമണത്തില്‍ ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് ഇറ്റാലിയന്‍ പൗരന്മാരും ഒരു കുവൈറ്റിയും ഒരു പാകിസ്ഥാനിയും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നീട് പരിക്കേറ്റ രണ്ട് ഇറ്റാലിയന്‍ പൗരന്മാരും മരിച്ചതായി പിന്നീട് കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു.

ആക്രമണത്തെ പല രാജ്യങ്ങളും അപലപിക്കുകയും ചെയ്തിരുന്നു. സിറിയയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ആക്രമണത്തില്‍ ഇറാനെയാണ് കുറ്റപ്പെടുത്തിയത്.

ഇറാന്റെ ആക്രമണത്തിലാണ് തങ്ങളുടെ പൗരന്‍മാര്‍ കൊല്ലപ്പെട്ടതെന്ന് തജാനി നേരത്തെ സെനറ്റില്‍ സംസാരിക്കുമ്പോഴും പറഞ്ഞിരുന്നു. റൈന്‍മെറ്റല്‍ ഇറ്റാലിയ എന്ന കമ്പനിയിലെ രണ്ട് സാങ്കേതിക വിദഗ്ധര്‍ കുവൈറ്റിലെ ഒരു വ്യോമ പ്രതിരോധ നിരീക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇറാനിയന്‍ ഡ്രോണുകളുടെ ആക്രമണത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ, ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ ആവശ്യപ്പെടുകയും ചെയ്തു. ‘ഗള്‍ഫ് മേഖലയിലെ അയല്‍രാജ്യങ്ങള്‍ക്കും നമ്മുടെ പങ്കാളികള്‍ക്കും നേരെ നടക്കുന്ന, അംഗീകരിക്കാനാവാത്ത ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാനുമേല്‍ നാം സമ്മര്‍ദ്ദം ശക്തമാക്കണം. ഗള്‍ഫ് മേഖലയിലെ സുരക്ഷ എന്നത് നമ്മളെല്ലാവരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ സംഭവങ്ങള്‍,’ വോണ്‍ ഡെര്‍ ലെയന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

Content Highlight: Drone that killed two Italians in Kuwait was Iranian-made, says Italy’s foreign minister

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more