ഖാര്‍ത്തൂം: സുഡാനില്‍ പള്ളിയ്ക്ക് നേരെ ഡ്രോണാക്രമണം. ആക്രമണത്തില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വെള്ളിയാഴ്ച രാവിലെ എല്‍-ഫാഷറിലെ പള്ളിയില്‍ പ്രഭാത പ്രാത്ഥനക്കിടെയാണ് ആക്രമണം നടന്നത്.
2023 ഏപ്രില്‍ മുതല്‍ ആരംഭിച്ച രാജ്യത്തെ ആഭ്യന്തര യുദ്ധം രണ്ട് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ കൂടിയാണ് എല്‍-ഫാഷറിലെ ആക്രമണം.
ആക്രമണത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ അര്‍ധ സൈനിക വിഭാഗമായ ആര്‍.എസ്.എഫ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി, അവ തിരിച്ചറിഞ്ഞ് സംസ്‌കരിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
സന്നദ്ധ സംഘടനയായ അബു ഷൗക്ക് എമര്‍ജന്‍സി റെസ്‌പോണ്‍സ് റൂമിന്റെ നേതൃത്വത്തിലാണ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അതേസമയം ഡ്രോണാക്രമണത്തില്‍ കുടിയിറക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 75ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് സുഡാനീസ് സൈന്യത്തിന്റെ എല്‍-ഫാഷറിലെ ആറാമത്തെ ഇന്‍ഫന്‍ട്രി ഡിവിഷന്‍ പ്രസ്താവനയില്‍ പറയുന്നത്.
പ്രസ്താവനയില്‍ പള്ളിയ്ക്ക് നേരെ ആക്രമണം നടത്തിയത് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പള്ളിയ്ക്ക് നേരെയുണ്ടായത് സുഡാനില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ ഏറ്റവും ഭയാനകമായ ഒന്നാണെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടി.
നിരായുധരായ സാധാരണക്കാര്‍ക്കെതിരായ ഹീനമായ കുറ്റകൃത്യമാണ് എല്‍-ഫാഷറില്‍ നടന്നതെന്ന് സുഡാന്‍ ഡോക്ടര്‍മാരുടെ നെറ്റ് വര്‍ക്ക് എന്‍.ജി.ഒ പ്രതികരിച്ചു. ആര്‍.എസ്.എഫ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും എന്‍.ജി.ഒ ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭയും അപലപിച്ചു.
‘ലോകം കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സുഡാനില്‍ ഉള്‍പ്പെടെ സിവിലിയന്‍ കൊലപാതകങ്ങളും വധശിക്ഷകളും വര്‍ധിച്ചുവരികയാണ്. ലൈംഗിക അതിക്രമങ്ങള്‍ അടക്കം യുദ്ധായുധമായി മാറുന്നു,’ ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
സുഡാനിലെ സംഘര്‍ഷത്തില്‍ അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ ഇനിയും നിരവധി ജീവന്‍ നഷ്ടപ്പെടുമെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി പറഞ്ഞു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ മാനുഷിക സഹായം എത്തിക്കാന്‍ കഴിയണമെന്നും യു.എന്‍ ഏജന്‍സി പ്രതികരിച്ചു.
കഴിഞ്ഞ കുറേ മാസങ്ങളായി സുഡാനിലെ ഡാര്‍ഫര്‍ മേഖലയിലെ സുഡാന്‍ സൈന്യത്തിന്റെ അവസാന താവളവും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആര്‍.എസ്.എഫ്. ഇതിനിടെയാണ് എല്‍-ഫാഷറില്‍ ഡ്രോണാക്രമണം നടത്തുന്നത്. അതേസമയം എല്‍-ഫാഷറിലെ ആക്രമണത്തില്‍ പ്രതികരിക്കാന്‍ ആര്‍.എസ്.എഫ് ഇതുവരെ തയ്യാറായിട്ടില്ല.
Content Highlight: Drone attack on mosque in Sudan; more than 70 dead