| Tuesday, 9th September 2025, 12:12 pm

ഗസയിലേക്ക് പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; നിഷേധിച്ച് ടുണീഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടുണിസ്: ഗസയിലേക്ക് പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി ടുണീഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ നങ്കൂരമിട്ട ബോട്ടില്‍ ഡ്രോണ്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയെ നയിച്ചിരുന്ന ‘ഫാമിലി’ ബോട്ടിലാണ് ഡ്രോണ്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബെര്‍ഗടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിനുനേരെയാണ് ആക്രമണം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും സംഘാടകര്‍ അറിയിച്ചു.

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല പുറത്തുവിട്ട വീഡിയോയില്‍ ബോട്ടിന് നേരെ പെട്ടെന്നൊരു പ്രകാശം പതിക്കുന്നതും പിന്നാലെ യാത്രക്കാര്‍ നിലവിളിക്കുന്നതും വ്യക്തമാണ്.

മുന്നിലെ ഡെക്കില്‍ തീപിടുത്തമുണ്ടായെന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സംഘാടകര്‍ അറിയിച്ചു. പ്രധാനപ്പെട്ട ഡെക്കിലും ഏറ്റവും താഴെയുള്ള ഡെക്കിലും തീപിടിച്ചെന്നും ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഗ്രേറ്റ സഞ്ചരിച്ച ബോട്ടിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തള്ളി ടുണീഷ്യ രംഗത്തെത്തി. ഡ്രോണ്‍ ആക്രമണമാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ടുണീഷ്യന്‍ വക്താവ് പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 31ാണ് ഗ്രെറ്റയുടെ നേതൃത്വത്തില്‍ 20 ബോട്ടുകള്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നും ഗസയിലേക്കുള്ള സഹായങ്ങളുമായി പുറപ്പെട്ടത്. ഇസ്രഈലിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് ഗ്രെറ്റയുടെയും മറ്റ് ആക്ടിവിസ്റ്റുകളുടെയും യാത്ര. നേരത്തെ ജൂണില്‍ സമാനമായ യാത്ര പുറപ്പെട്ട ഗ്രെറ്റയെയും പതിനൊന്ന് പേരെയും ഇസ്രഈല്‍ സൈന്യം പിടികൂടി നാട് കടത്തിയിരുന്നു.

Content Highlight: Drone attack on Freedom Flotilla heading to Gaza, Tunisia denies

We use cookies to give you the best possible experience. Learn more