| Wednesday, 27th May 2026, 1:47 pm

ഭാര്യയെ 21 വെട്ട് വെട്ടിക്കൊന്നയാള്‍,പരോളിലിറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായകുടിക്കും, എനിക്ക് അദ്ദേഹത്തോട് സ്‌നേഹമുണ്ട്: ശാന്തി മായാദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ അഭിഭാഷകയായി വേഷമിട്ട, റിയല്‍ ലൈഫിലും വക്കീലായ ശാന്തി മായാദേവിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്.

ജോര്‍ജുകുട്ടിയെപ്പോലെ സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ നിയമം കൈയിലെടുത്തവരും സംഭവിക്കാന്‍ പാടില്ലാത്ത ചില സാഹചര്യങ്ങളിലൂടെ കടന്നുപോയവരും യഥാര്‍ത്ഥ ജീവിതത്തിലുമുണ്ടെന്ന് പറയുകയാണ് റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തി മായാദേവി.

പ്രൊഫഷണല്‍ ലൈഫില്‍ ജോര്‍ജുകുട്ടിയെപ്പോലൊരാളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ കരിയറിലെ ചില അനുഭവങ്ങള്‍ താരം പങ്കുവെച്ചത്.

‘ഭാര്യയെ 21 വെട്ട് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ ഒരാളുടെ കേസ് ഞാന്‍ കൈകാര്യം ചെയ്തിരുന്നു. കോടതി അയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് ഞങ്ങള്‍ അപ്പീല്‍ നല്‍കിയാണ് അത് ജീവപര്യന്തമായി കുറപ്പിച്ചത്. ജയിലിലെ നല്ല നടപ്പ് കാരണം അദ്ദേഹം ഇപ്പോള്‍ ഓപ്പണ്‍ ജയിലിലാണ് ഉള്ളത്.

ദൃശ്യം സിനിമ ഷൂട്ടിങ്ങിനിടെ Photo: Aashivad Cinemas

ഇപ്പോള്‍ പരോളില്‍ ഇറങ്ങുമ്പോഴൊക്കെ അദ്ദേഹം എന്നെ കാണാന്‍ വരാറുണ്ട്. ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനായിരം രൂപയൊക്കെ കൊണ്ടുവന്നിട്ട് ‘വക്കീലേ ഇത് വെച്ചോ’ എന്ന് പറഞ്ഞ് എന്റെ കൈയില്‍ തരും. ഭാര്യ കൊല്ലപ്പെട്ടു, ഇനി ആര്‍ക്ക് കൊടുക്കാനാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

എന്റെ ഓഫീസിലുള്ളവര്‍ പോലും ഭാര്യയെ ഇത്രയും ക്രൂരമായി വെട്ടിക്കൊന്ന ഒരു ക്രിമിനലായാണ് ഇയാളെ കാണുന്നത്. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതിന്റെ പിന്നില്‍ വലിയൊരു പശ്ചാത്തലമുണ്ട്, ഒരു സ്റ്റോറിയുണ്ട്. നമ്മള്‍ ഒന്നിനെയും ന്യായീകരിക്കുകയല്ല ചെയ്യുന്നത്. പക്ഷേ ഒരു അഭിഭാഷക എന്ന നിലയില്‍ മുന്‍വിധികള്‍ വെച്ച് പുലര്‍ത്താന്‍ കഴിയില്ല.

ഇന്നലെ ഞാന്‍ എന്റെ സീനിയറുമായി സംസാരിച്ചതേയുള്ളൂ. പുള്ളി റിപ്പര്‍ പ്രതിയായ പുതിയ കേസ് എടുത്തിട്ടുണ്ട്. റേപ്പ് ചെയ്ത് കൊലപ്പെടുത്തി എന്നതാവാം ഒരുപക്ഷേ കേസ്. അത് കേള്‍ക്കുമ്പോള്‍ ‘ഏഹ്.. റേപ്പ് ചെയ്ത് കൊന്നോ’ എന്ന് നമ്മള്‍ ചോദിക്കും.

സാധാരണ മനുഷ്യരെന്ന നിലയില്‍ ഇതൊക്കെ നമ്മളെ ബാധിക്കും, കേസ് വായിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ കേസിനെക്കുറിച്ച് മുന്‍വിധി ഉണ്ടായാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, കേസ് പഠിക്കാനും പറ്റില്ല.

ഞാന്‍ പറഞ്ഞ ഈ കക്ഷി പരോളില്‍ ഇറങ്ങി എന്റെ അടുത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ ആ പതിനായിരം രൂപയില്‍ നിന്ന് ഒരായിരം രൂപ ഫീസായി എടുക്കും. ബാക്കി അദ്ദേഹത്തിന്റെ കൈയില്‍ തന്നെ കൊടുക്കും.

ശാന്തി മായാദേവി photo: IMDB

ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അടുത്തുള്ള കടയില്‍ പോയി ചായ കുടിക്കാറുണ്ട്. ക്രിമിനലുകളെ ന്യായീകരിക്കുന്നു എന്ന് പറഞ്ഞ് പലരും വിമര്‍ശിച്ചേക്കാം. എന്നാല്‍ ഒരു അഭിഭാഷക എന്ന നിലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ആ മനുഷ്യനോട് എനിക്ക് സ്‌നേഹമുണ്ട്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് ചെയ്തതെന്ന് ആ കേസ് പഠിച്ച നമുക്കല്ലേ അറിയൂ.

ദൃശ്യത്തിലെ ജോര്‍ജുകുട്ടിക്ക് ഒരു കാരണമുണ്ടായിരുന്നു, സ്വന്തം കുടുംബത്തെ രക്ഷിക്കുക എന്നത്. അതുപോലെ ഓരോരുത്തര്‍ക്കും ഓരോ സാഹചര്യങ്ങളുണ്ടാകും. ഓരോന്നും ഓരോ വ്യക്തികളായും സാഹചര്യങ്ങളുമായുമാണ് കാണേണ്ടത്. സാഹചര്യങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും, മനുഷ്യനല്ലാത്ത രീതിയിലുള്ള പ്രവൃത്തികള്‍ ചെയ്യിക്കുന്നതും,’ ശാന്തി മായാദേവി പറയുന്നു.

Content Higlight: Drishyam Actress and Lawyer Shanti Mayadevi share real Life Experiance

Latest Stories

We use cookies to give you the best possible experience. Learn more