| Monday, 22nd June 2026, 10:23 am

പ്രഭാകറിന്റെ മാനസികനിലതെറ്റും, ഗീത വീഡിയോകോളില്‍ ചിരിക്കും, സഹദേവന്റെ കണ്ണിലെ ചുവപ്പ് മാറും; ദൃശ്യം 4 ക്യാരക്ടര്‍ ആര്‍ക് പ്രഡിക്ഷന്‍

അക്ഷര

മലയാളത്തിലെ എക്കാലത്തെയും വലിയ ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ഒന്നാകെ ദൃശ്യം ട്രോളുകളാണ്.

സിനിമയുടെ കഥയും, കഥാപാത്രങ്ങളുടെ ഡയലോഗും എന്ന് വേണ്ട ഓരോ സീനുകളും ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്. തിയേറ്റര്‍ റിലീസിന് പിന്നാലെ ചെറിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ സിനിമയ്ക്ക് വന്നിരുന്നെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ ട്രോളുകളാണ് ദൃശ്യം 3 യ്ക്ക് ലഭിക്കുന്നത്.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ശക്തമായ ഒരു തിരക്കഥ ഉണ്ടായില്ലെന്നും സിനിമയിലുടനീളം ലോജിക്കില്ലായ്മ മുഴച്ചുനിന്നെന്നുമുള്ള വിമര്‍ശനങ്ങളായിരുന്നു അധികവും. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിലും മേക്കിങ്ങിലുടനീളവും നാടകീയത പ്രകടമാണെന്നും വിമര്‍ശനമുയര്‍ന്നു.

ഇപ്പോഴിതാ ദൃശ്യം 4-ന്റെ ഒരു ‘ക്യാരക്ടര്‍ ആര്‍ക്ക് പ്രെഡിക്ഷന്‍’ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കേട്ടാല്‍ ഒരേസമയം ചിരിയും ചിന്തയും വരുന്നതാണ് ഈ പ്രവചനങ്ങള്‍.

Photo: primeax Youtube Channel

1. ജോര്‍ജുകുട്ടി

അഞ്ച് വര്‍ഷം ജയിലില്‍ ക്രിമിനലുകളുടെ കൂടെ കഴിഞ്ഞ് പുറത്തിറങ്ങുന്ന ജോര്‍ജുകുട്ടി പഴയ ആളായിരിക്കില്ല. മൊത്തത്തില്‍ പരുക്കനായ ഒരാളായി അയാള്‍ മാറും. മുടി പറ്റെ വെട്ടി, താടി വളര്‍ത്തി, കണ്ണ് ചുവപ്പിച്ച്, ഒരു പ്രത്യേക രീതിയിലാകും ഇനി ജോര്‍ജുകുട്ടിയെ പ്രേക്ഷകര്‍ കാണുക.

2. റാണി

ഇത്രയും കാലം പേടിച്ചുവിറച്ചു നടന്ന നിഷ്‌കളങ്കയായ റാണി ബോള്‍ഡാകും. രണ്ട് പെണ്‍മക്കളെ ഒറ്റയ്ക്ക് നോക്കാനുള്ള നെട്ടോട്ടത്തില്‍ ആ പഴയ ഇന്നസെന്‍സ് ഒക്കെ നഷ്ടമാകും. സ്വന്തം മോളെ മര്‍ദിച്ച് ആശുപത്രിയിലാക്കിയത് ഭര്‍ത്താവാണെന്ന് അറിയുന്നതോടെ റാണിയുടെ ഉള്ളില്‍ ജോര്‍ജുകുട്ടിയോട് പകയും ദേഷ്യവുമായിരിക്കും.

3. അനുമോള്‍

അച്ഛന്‍ ജയിലിലായതോടെ ഇളയ മകള്‍ അനുവിന്റെ സിംഗപ്പൂര്‍ പ്ലാന്‍ പാളും. അവസാനം പ്രോഗ്രസീവ് ആയി ചിന്തിച്ച് നമ്മുടെ മഹാരാജാസ് കോളേജില്‍ പി.ജിക്ക് അഡ്മിഷന്‍ എടുക്കും.

4. അവിര

നാട്ടില്‍ നിന്ന് രക്ഷപ്പെട്ട് ടുണീഷ്യയില്‍ എത്തുന്ന അവിര പുതിയ ബിസിനസ് തുടങ്ങും. പതിവുപോലെ അതും പൊട്ടും

5. പ്രഭാകര്‍: അമേരിക്കയില്‍ ചെന്ന പ്രഭാകറിന്റെ മാനസികനില തെറ്റും. ‘എനിക്ക് അവളെ വേണം’ എന്ന് ഗീത പറയുന്നത് പ്രഭയ്ക്ക് കടുത്ത മാനസികവിഷമം ഉണ്ടാക്കും. പതിയെ അവര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ ആരംഭിക്കും

6. സഹദേവന്‍: സഹദേവന്റെ കണ്ണിലെ ആ ചുവപ്പ് നിറം മാറും.

7. തോമസ് ബാസ്റ്റിന്‍: ഐ.ജി തോമസ് ബാസ്റ്റിന്റെ മീശയുടെ കട്ടി പിന്നെയും കൂടും. ഒടുവില്‍ സഹികെട്ട് പുള്ളി മീശ ക്ലീന്‍ ഷേവ് ചെയ്യാനാണ് സാധ്യത.

8. ഗീത: ട്വിസ്റ്റുകള്‍ക്കൊടുവില്‍ വീഡിയോ കോളില്‍ തോമസിനെ കണ്ട് ഗീത പൊട്ടിച്ചിരിക്കും, അതോടെ അവരുടെ ഡിപ്രഷന്‍ മാറിക്കിട്ടും.

9. ആന്റണി: സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യും.

10. സിനിമാ താരമായ വിനയചന്ദ്രന്‍ (ബിജു മേനോന്‍): ട്വിസ്റ്റുകളിലെ ഏറ്റവും വലിയ ട്വിസ്റ്റ് ഇതാണ്! വിനയചന്ദ്രന്റെ പുതിയ പടങ്ങളെല്ലാം തിയേറ്ററില്‍ നിരത്തിപ്പിടിച്ച് പൊട്ടും. ഒടുവില്‍ തന്റെ സ്റ്റാര്‍ഡം വീണ്ടെടുക്കാന്‍ ജോര്‍ജുകുട്ടിയുടെ നിലവിലെ ജയില്‍ കഥ വെച്ച് പുള്ളി ‘ദൃശ്യം 2’ എടുക്കും. സങ്കടകരമെന്ന് പറയട്ടെ… അതും ബോക്‌സ് ഓഫീസില്‍ പൊട്ടും.

Content Highlight: Drishyam 4 Character Arc prediction Viral Content

അക്ഷര

We use cookies to give you the best possible experience. Learn more