| Saturday, 9th May 2026, 8:07 pm

ദുരൂഹത ബാക്കിയാക്കി ദൃശ്യം 3 ട്രെയ്‌ലര്‍; പ്രതീക്ഷ വര്‍ധിപ്പിച്ച് ജോര്‍ജ്കുട്ടി

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമാ മേഖലയില്‍ ഇന്ന് പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് കാത്തിരിക്കുന്ന ദൃശ്യം 3. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ ജോര്‍ജ് കുട്ടി. അപ്രതീക്ഷിതമായി തന്റെ കുടുംബത്തിലേക്ക് എത്തിച്ചേര്‍ന്ന ക്ഷണിക്കപ്പെടാത്ത അതിഥിയെ കൊലപ്പെടുത്തിയ തന്റെ ഭാര്യയെയും മകളെയും ശിക്ഷയില്‍ നിന്നും രക്ഷിക്കാനായി നാലാം ക്ലാസുകാരനായ ജോര്‍ജ് കുട്ടി കടന്നുപോകുന്ന വഴികളാണ് ചിത്രത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

ട്രെയ്‌ലറില്‍ നിന്നും. Photo: Screen grab/ Panorama Studios/ Youtube.com

ഫ്രാഞ്ചൈസില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മിനുട്ടുകള്‍ക്ക് മുമ്പ് മാത്രം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പാനോരമ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് രണ്ട് മിനുട്ടിലധികം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാതെ അതേസമയം ഏറെ ഉദ്വേഗജനകമായി ദൂരൂഹതകള്‍ ബാക്കിവെച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഇമോഷനാണ് ചിത്രം കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ പറഞ്ഞ വാക്കുകളെ ശരിവെക്കുന്നതായിരുന്നു ട്രെയ്‌ലര്‍. വളര്‍ന്ന് വലുതാകുന്ന കുട്ടികളും ഭാര്യയും നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ക്ക് ഈ ഗതി വന്നതെന്ന് ജോര്‍ജ് കുട്ടിയെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ട്രെയ്‌ലറിലെ ചില സംഭാഷണങ്ങള്‍.

ദൃശ്യം 3. Photo: TOI

ഏപ്രില്‍ രണ്ടിനായിരുന്നു നേരത്തേ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് റിലീസ് മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ലേക്ക് മാറ്റുകയായിരുന്നു. എമ്പുരാന് ശേഷം ആഗോളതലത്തില്‍ 40 കോടിയിലധികം ഓപ്പണിങ് ഡേ കളക്ഷന്‍ നേടുന്ന ചിത്രമായി ദൃശ്യം 3 മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Drishyam  3 Trailer out on Youtube

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more