| Sunday, 10th May 2026, 12:27 pm

ജോര്‍ജ് കുട്ടിയെ പൂട്ടാന്‍ വന്ന സഹദേവന്റെ മകളാണോ ഇത്? ദൃശ്യം 3 ട്രെയ്‌ലറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഡീകോഡിങ്

അമര്‍നാഥ് എം.

മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ പലരും സാധ്യത കല്പിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രത്തിനായി പലരും കാത്തിരിക്കുകയാണ്. ജോര്‍ജുകുട്ടിയെന്ന നാലാം ക്ലാസുകാരന്റെ മൂന്നാം വരവില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകരുമെന്ന് ഉറപ്പാണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജോര്‍ജുകുട്ടിയുടെ കുടുംബം ഇത്തവണയും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളിലും എല്ലാ പ്രശ്‌നങ്ങളെയും കൂളായി ഹാന്‍ഡില്‍ ചെയ്ത ജോര്‍ജുകുട്ടിക്ക് ഇത്തവണ അടിതെറ്റുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ദൃശ്യം 3 Photo: Screen grab/ Aashirvad Cinemas

പുതിയ ചില കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. വീണ നന്ദകുമാര്‍ അവതരിപ്പിക്കുന്ന ജേര്‍ണലിസ്റ്റ് കഥാപാത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജോര്‍ജുകുട്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യങ്ങള്‍ മീഡിയയിലൂടെ പുറത്തുവിടാന്‍ ശ്രമിക്കുന്ന ആളാകും വീണയുടെ കഥാപാത്രമെന്ന് ട്രെയ്‌ലറില്‍ പറഞ്ഞുവെക്കുന്നുണ്ട്.

ജോര്‍ജുകുട്ടിയുടെ കുടുംബം ആ ക്രൈം ചെയ്‌തെന്ന് പൊതുജനങ്ങളെ അറിയിക്കാനായി വീണയുടെ കഥാപാത്രം ശ്രമിക്കുന്നത് ട്രെയ്‌ലറില്‍ കാണാനാകും. ഇതോടെ ഈ കഥാപാത്രം ആരായിരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ദൃശ്യത്തിന്റെ ആദ്യഭാഗത്തില്‍ വില്ലനായ കോണ്‍സ്റ്റബിള്‍ സഹദേവന്റെ മകളായിരിക്കും ഇതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ദൃശ്യം 3 ട്രെയ്‌ലര്‍ Photo: Screen grab/ Aashirvad Cinemas

തന്റെ അച്ഛന്റെ ജോലി ഇല്ലാതാക്കിയ ജോര്‍ജുകുട്ടിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ വരുന്ന സഹദേവന്റെ മകള്‍ എന്നാണ് പലരും അനുമാനിക്കുന്നത്. ദൃശ്യം 2ല്‍ സഹദേവനെക്കുറിച്ച് എവിടെയും മെന്‍ഷന്‍ ചെയ്യുന്നില്ലെങ്കിലും മൂന്നാം ഭാഗത്തില്‍ ഒരു സര്‍പ്രൈസ് എന്‍ട്രി പ്രതീക്ഷിക്കുന്നവരുണ്ട്. സഹദേവന്റെ മകളല്ല, സഹോദരിയാകാം വീണയുടെ കഥാപാത്രമെന്നും ചിലര്‍ ഡീകോഡ് ചെയ്യുന്നുണ്ട്.

ആദ്യ ഭാഗത്തില്‍ സഹദേവനും ഗീതാ പ്രഭാകറും പിന്തുടര്‍ന്നപ്പോള്‍ രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിനായിരുന്നു ജോര്‍ജുകുട്ടിയെ പൂട്ടാന്‍ ശ്രമിച്ചത്. മൂന്നാം ഭാഗത്തില്‍ കടന്നുവരുന്ന ജേര്‍ണലിസ്റ്റുകള്‍ക്ക് ജോര്‍ജുകുട്ടിയുമായോ വരുണുമായോ ബന്ധമുണ്ടായേക്കാമെന്ന് ചിലര്‍ അനുമാനിക്കുന്നു.

സ്വയം ന്യായാധിപന്മാരായി ചമഞ്ഞ് ചാനല്‍ റൂമിലൂടെ പലരുടെയും വിധി പറയുന്ന പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരുടെ (മാപ്ര) പ്രതിനിധികളായും ഈ കഥാപാത്രത്തെ കണക്കാക്കുന്നവരുണ്ട്. വിടാതെ പിടികൂടുന്ന ഭൂതകാലത്തെ ഓര്‍മകളില്‍ നിന്ന് ജോര്‍ജുകുട്ടി ഇത്തവണ രക്ഷപ്പെടുമോ എന്ന് മെയ് 14ന് കാണാം.

Content Highlight: Drishyam 3 trailer decoding posts viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more