| Thursday, 12th February 2026, 9:09 pm

എമ്പുരാന്‍ പോലെ എല്ലാ തിയേറ്ററുകളിലും ഷോ, മിനിമം നാലാഴ്ച പ്രദര്‍ശിപ്പിക്കണം, ബോക്‌സ് ഓഫീസിന്റെ ആണിവേരിളക്കാന്‍ ദൃശ്യം 3

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമാലോകം തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളചിത്രമാണ് ദൃശ്യം 3. മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പോയിലൊരുങ്ങുന്ന ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിയുമെന്നാണ് പലരും കരുതുന്നത്. തിയേറ്റര്‍ റിലീസ് മിസ്സായ രണ്ടാം ഭാഗത്തിന്റെ എല്ലാ കുറവുകളും മൂന്നാം ഭാഗത്തിലൂടെ പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.

റിലീസിന് 50 ദിവസം ബാക്കി നില്‍ക്കെ തിയേറ്റര്‍ എക്‌സിബിറ്റേഴ്‌സുമായുള്ള കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം തിയേറ്ററുകളിലും ദൃശ്യം 3 റിലീസ് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. എമ്പുരാനെപ്പോലെ 700ലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.

റിലീസ് ചെയ്യുന്ന തിയേറ്ററുകളിലെല്ലാം നാലാഴ്ചയെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് കരാറിലുള്ളത്. ആദ്യ ആഴ്ചയില്‍ 60 ശതമാനവും രണ്ടാം ആഴ്ചയില്‍ 55 ശതമാനവും പിന്നീടുള്ള രണ്ടാഴ്ച 50 ശതമാനവുമാണ് വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള ലഭാവിഹിത കണക്ക്. ഈ ദിവസങ്ങളിലെല്ലാം ദിവസേന നാല് ഷോ വേണമെന്നും കരാറിലുണ്ട്. അതിരാവിലെ ചിത്രത്തിന് ഫാന്‍സ് ഷോ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

വേനലവധി സമയത്തെ ആദ്യ മേജര്‍ റിലീസായ ദൃശ്യം 3 ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വിപിന്‍ ദാസ് നിര്‍മിക്കുന്ന വാഴ 2 ദൃശ്യം 3ക്കൊപ്പം ക്ലാഷ് റിലീസിനെത്തുന്നുണ്ട്. സ്‌ക്രീനുകളുടെ എണ്ണത്തില്‍ ഈ ക്ലാഷ് വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ദൃശ്യം 3 റിലീസ് ചെയ്ത് കൃത്യം ഒരാഴ്ചക്ക് ശേഷം ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിയും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഇതെല്ലാം ദൃശ്യം 3ക്ക് തിരിച്ചടിയാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. പോസിറ്റീവ് റിപ്പോര്‍ട്ടാണ് ദൃശ്യം 3ക്ക് ലഭിക്കുന്നതെങ്കില്‍ പള്ളിച്ചട്ടമ്പി റിലീസ് മാറ്റിയേക്കുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.

ഏപ്രിലില്‍ തന്നെ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന പേട്രിയറ്റും റിലീസാകുന്നുണ്ട്. റിലീസിന് മുമ്പ് സ്‌കൈ ലെവല്‍ ഹൈപ്പുള്ള ചിത്രങ്ങളെല്ലാം ഏപ്രിലില്‍ കളംനിറയുമ്പോള്‍ ആര് വിജയിക്കുമെന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ ചൂടുപിടിച്ചുകഴിഞ്ഞു. എമ്പുരാന് ലഭിച്ച ഫ്രീ റണ്‍ ദൃശ്യം 3ക്ക് ലഭിക്കാത്തത് ആരാധകരില്‍ ചിലരെ നിരാശരാക്കുന്നുണ്ട്.

ദൃശ്യം 3യുടെ റെസ്റ്റ് ഓഫ് ഇന്ത്യ, ഓവര്‍സീസ് റിലീസിന്റെ കാര്യത്തിലും ആരാധകര്‍ അനിശ്ചിതത്വത്തിലാണ്. ചിത്രത്തിന്റെ റൈറ്റ്‌സ് മുഴുവന്‍ ബോളിവുഡ് ഭീമന്മാരായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. കേരളത്തിന് പുറത്ത് ചിത്രത്തിന് ആവശ്യത്തിന് സ്‌ക്രീന്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Content Highlight: Drishyam 3 theatre agreements out in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more