ബോളിവുഡിലെ അതികായരായ നിര്‍മാതാക്കള്‍ മുതല്‍ എല്ലാവരും പണമിറക്കാന്‍ താത്പര്യപ്പെടുന്ന ഇന്‍ഡസ്ട്രിയായി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മലയാളം മാറുന്ന കാഴ്ചയ്ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. 25 കോടിയ്ക്ക് താഴെ മാത്രം ബജറ്റ് വരുന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നൂറും നൂറ്റിയമ്പതും കോടി എളുപ്പത്തില്‍ പിന്നിടുന്ന കാഴ്ച്ചകളാണ് മലയാളത്തില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന് അഞ്ഞൂറ് കോടി രൂപയ്ക്ക് മുകളിലുള്ള ബിസിനസാണ് മലയാള സിനിമിയില്‍ നടന്നിരിക്കുന്നത്. ദൃശ്യം 3യും വാഴ 2വും 200 കോടിയെന്ന അപൂര്‍വ മാര്‍ക്ക് പിന്നിടുകയും ആട് 3, 100 കേടി നേടുകയും ചെയ്തതോടെയാണ് ഇത് സാധ്യമായത്. അതേസമയം മോഹിനിയാട്ടത്തിന്റെയും അതിരടിയുടെയും കളക്ഷനും ഇതോടൊപ്പം ചേര്‍ക്കുമ്പോള്‍ കണക്കുകള്‍ 600 കോടിയും കടക്കുമെന്ന് കാണാം.
ദൃശ്യം 3. Photo: District
റിലീസ് ചെയ്ത് രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഏകദേശം 230 കോടിയോളമായിരുന്നു ദൃശ്യം 3 തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. വാഴ 2 നേടിയ 222 കോടിയുടെ കളക്ഷന്‍ ദൃശ്യം 3 നിഷ്പ്രയാസം തകര്‍ത്തെങ്കിലും ചിത്രത്തിന് 300 കോടിയെന്ന ലോകഃയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇന്ന്(വെള്ളി) പുറത്തിറങ്ങുന്ന മോളിവുഡ് ടൈംസ് എന്ന നസ്‌ലെന്‍ ചിത്രം ദൃശ്യം 3യുടെ കളക്ഷനെ കാര്യമായി ബാധിച്ചേക്കാമെന്നാണ് പലരും വിലയിരുത്തുന്നത്.
ഇതോടെ മോഹന്‍ലാല്‍ എന്ന മലയാളത്തിലെ അതികായനൊപ്പം മോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ ഫ്രാഞ്ചൈസിയായ ദൃശ്യമെത്തിയിട്ടും ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ റെക്കോഡായ 304 കോടിയ്ക്ക് മുകളിലേക്ക് എത്താന്‍ സാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. കാര്യമായ ഹൈപ്പോ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളോ പുറത്തുവിടാതെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ലോകഃ. ചിത്രത്തില്‍ ദുല്‍ഖറും ടൊവിനോ തോമസും കാമിയോ അപ്പിയറന്‍സ് നടത്തിയത് പോലും സര്‍പ്രൈസായിട്ടായിരുന്നു.
എന്നാല്‍ ലോകോത്തരനിലവാരമുള്ള ചിത്രം പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്‌നേഹം കൊണ്ടും കൈയടി കൊണ്ടും തിയേറ്ററുകളില്‍ ഷോകള്‍ വര്‍ധിപ്പിക്കുകയും കളക്ഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കുകയുമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും 120 കോടിയിലധികം നേടുകയും സൗത്ത് ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കിക്കൊണ്ടുമായിരുന്നു ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: The Hindu
അതേസമയം ദൃശ്യം 3യ്ക്ക് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടും ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കിയെന്നും, മോഹന്‍ലാലിന്റെ ഒരു കംപ്ലീറ്റ് കോമഡി ആക്ഷന്‍ ചിത്രത്തിന് പോസിറ്റീവ് ലഭിക്കുന്നത് വരെയേ ഈ റെക്കോഡുകള്‍ക്ക് ആയുസുള്ളൂ എന്നുമാണ് ആരാധകരുടെ വാദം.
Content Highlight: Drishyam 3 Struggles to enter 300 crore club and beat lokah box office record