| Monday, 22nd September 2025, 4:46 pm

മൂന്നാം വരവിനൊരുങ്ങി ജോര്‍ജ് കുട്ടി, ഇത്തവണ രണ്ട് ലക്ഷ്യങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രിക്ക് പുറമെ ഇന്ത്യന്‍ സിനിമ ഒട്ടാകെ കാത്തിരിക്കുന്ന പ്രൊജക്ടാണ് ദൃശ്യം 3. ഇന്‍ഡസ്ട്രിയുടെ സകല പൊട്ടന്‍ഷ്യലും വെളിപ്പെടുത്താന്‍ പോകുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലേക്കെത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയായി മാറി.

ചിത്രത്തിന്റെ ഷൂട്ടിന് ഇന്ന് തൊടുപുഴയില്‍ തുടക്കമായിരിക്കുകയാണ്. പൂജക്ക് ശേഷം ഫസ്റ്റ് ക്ലാപ്പടിച്ച് ആദ്യ ഷോട്ട് ചിത്രീകരിച്ചു. 45 ദിവസത്തെ ഷൂട്ടാണ് ദൃശ്യം 3ക്കായി ജീത്തു ജോസഫും കൂട്ടരും ഉദ്ദേശിക്കുന്നത്. നവംബറോടെ ഷൂട്ട് പൂര്‍ത്തിയാകുമെങ്കിലും ഈ വര്‍ഷം ചിത്രം റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പൊലീസിനെയും നിയമവ്യവസ്ഥയെയും ഒരുപോലെ കബളിപ്പിച്ച് തന്റെ കുടുംബത്തെ സുരക്ഷിതമാക്കിയ ജോര്‍ജ് കുട്ടിയുടെ മൂന്നാം വരവില്‍ എന്തൊക്കെ സര്‍പ്രൈസുകളാണ് സംവിധായകന്‍ ഒരുക്കിവെച്ചിരിക്കുന്നതെന്നറിയാന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

വലിയ പ്രതീക്ഷകളോടെ ചിത്രത്തെ സമീപിക്കരുതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചിരുന്നു. ജോര്‍ജുകുട്ടി ഉണ്ടാക്കുന്ന പ്രശ്‌നമാണ് മൂന്നാം ഭാഗത്തിന്റെ കഥയെന്ന് മോഹന്‍ലാലും സൂചന നല്‍കി. നാലാം ക്ലാസുകാരന്റെ ബുദ്ധി ഇത്തവണ എവിടം വരെപോകുമെന്ന് ആരും ഒരു സൂചനയും നല്‍കുന്നില്ല.

മൂന്നാം വരവില്‍ ജോര്‍ജുകുട്ടിക്ക് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. ആദ്യത്തെ ലക്ഷ്യം എല്ലാ തവണത്തെയും പോലെ സ്വന്തം കുടുംബത്തെ രക്ഷിക്കുക എന്നതാണെങ്കില്‍ രണ്ടാമത്തേത് നഷ്ടപ്പെട്ട ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ സ്വന്തമാക്കലാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുകയാണ്.

തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങളോടൊപ്പം ഇന്‍ഡസ്ട്രിയല്‍ ഹിറ്റും ഏറ്റവുമുയര്‍ന്ന കളക്ഷനും മോഹന്‍ലാല്‍ ഈ വര്‍ഷം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. എന്നാല്‍ ലോകഃ ചാപ്റ്റര്‍ വണ്ണിന്റെ അപരാജിത കുതിപ്പ് മോഹന്‍ലാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ലോകഃ സ്വന്തമാക്കിയ റെക്കോഡ് ദൃശ്യം 3യിലൂടെ മോഹന്‍ലാല്‍ തന്റേ പേരിലാക്കുമെന്ന് ഉറപ്പാണ്.

ദൃശ്യം 3ക്ക് ശേഷം മോഹന്‍ലാല്‍ പാട്രിയറ്റിന്റെ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടിയുമൊത്തുള്ള ബാക്കി പോര്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കത്തിലും മോഹന്‍ലാല്‍ ഭാഗമാകും. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കത്തിനായി 30 ദിവസത്തെ ഡേറ്റാണ് താരം നല്‍കിയിരിക്കുന്നത്.

Content Highlight: Drishyam 3 shoot started today in Thodupuzha

We use cookies to give you the best possible experience. Learn more