| Tuesday, 12th May 2026, 2:18 pm

അറക്കല്‍ അബു വായിച്ച അതേ പത്രം തന്നെയാണല്ലോ ജോര്‍ജുകുട്ടിയും വായിക്കുന്നത്, പക്ഷേ ഡേറ്റില്‍ വ്യത്യാസമുണ്ട്, എന്തോ പന്തികേടുണ്ടെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഭൂതകാലത്തിന്റെ ഓര്‍മകള്‍ വേട്ടയാടുന്ന ജോര്‍ജുകുട്ടി ഇത്തവണയെങ്കിലും രക്ഷപ്പെടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ദൃശ്യത്തിന്റെ മൂന്നാം ഭാഗം റിലീസിന് തയാറെടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍ തിയറികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ സംവിധായകന്‍ എന്ത് സര്‍പ്രൈസാണ് ഒളിപ്പിച്ചുവെച്ചതെന്നാണ് പലരും ഉറ്റുനോക്കുന്നത്.

പാന്‍ ഇന്ത്യന്‍ തലത്തില്‍ റീച്ചുള്ള ദൃശ്യം എന്ന ബ്രാന്‍ഡ് ഇതിനോടകം ഹൈപ്പിന്റെ കൊടുമുടിയിലാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററിനെക്കുറിച്ചുള്ള പോസ്റ്റാണ് സിനിമാപേജുകളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ദൃശ്യം 3യുടെ ആദ്യ ഷോയെക്കുറിച്ചുള്ള പോസ്റ്ററില്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രം പത്രം വായിക്കുന്നത് കാണാനാകും. ഈ പത്രത്തെക്കുറിച്ച് തിരക്കഥാസങ്കേതം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന പോസ്റ്റ് പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ജോര്‍ജുകുട്ടി വായിക്കുന്നത് എന്താണെന്ന് കാണിക്കുന്നില്ലെങ്കിലും പത്രത്തിന്റെ ഫസ്റ്റ് പേജിലെ വാര്‍ത്ത പലരും ശ്രദ്ധിക്കുന്നുണ്ട്. ‘ആളിക്കത്തി ജനരോഷം; 19 മരണം’ എന്നാണ് പ്രധാന തലക്കെട്ട്.

ഇതേ തലക്കെട്ടുള്ള മനോരമ പത്രം ആട് 3യില്‍ അറക്കല്‍ അബുവും വായിക്കുന്നുണ്ട്. ഒട്ടും പ്രാധാന്യമില്ലാത്ത സീനിലാണ് അബുവും ഷാജി പാപ്പനും കൂടി പത്രം വായിക്കുന്നത്. എന്നാല്‍ തലക്കെട്ടില്‍ മാത്രമേ സാമ്യതയുള്ളൂവെന്നും ഡേറ്റില്‍ വ്യത്യാസമുണ്ടെന്നും പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2025 സെപ്റ്റംബര്‍ ഒമ്പതാം തിയതിയിലെ പത്രമാണ് അറക്കല്‍ അബു വായിക്കുന്നത്.

ദൃശ്യം 3 Photo: Aashirvad Cinemas/ Facebook

എന്നാല്‍ ജോര്‍ജുകുട്ടി വായിക്കുന്ന പത്രത്തിലെ തിയതി 2025 ഒക്ടോബര്‍ 25 എന്നാണ്. ആ ദിവസത്തെ പ്രധാന തലക്കെട്ട് മറ്റൊന്നാണെന്നും സിനിമയില്‍ ഈ ഡേറ്റിനും പത്രത്തിനും എന്തോ പ്രത്യേകതയുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. രണ്ട് പത്രത്തിന്റെയും അവസാന പേജില്‍ ‘ബാലജന സഖ്യം നേതൃത്വ പരിശീലന ക്യാമ്പ് തുടങ്ങി എന്നാണ് വാര്‍ത്ത.

ഓഗസ്റ്റ് രണ്ട് പോലെ ഒക്ടോബര്‍ 25 എന്ന ഡേറ്റിന് ഈ സിനിമയില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടാകുമെന്നും അല്ലാതെ ഇങ്ങനെയൊരു നീക്കം അണിയറപ്രവര്‍ത്തകര്‍ നടത്തിയേക്കില്ലെന്നും അനൂജ് മീര നീഹാരിക എന്നയാള്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്. അറിയാതെ എഡിറ്റ് ചെയ്ത് കയറ്റിയാതാണോ അല്ലെങ്കില്‍ സംവിധായകന്റെ ബ്രില്യന്‍സിന്റെ ഭാഗമാണോ എന്നും റിലീസിന് ശേഷമേ അറിയാനാകുള്ളൂ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Content Highlight: Drishyam 3 poster and Aadu 3 scene analysis viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more