| Saturday, 3rd October 2026, 9:15 pm

കണ്ടന്റില്‍ മാത്രമല്ല കളക്ഷനിലും തൂക്കി പറത്തി ഹിന്ദി ദൃശ്യം 3; ആദ്യ ദിനം സ്വന്തമാക്കിയത് 90 കോടിയ്ക്ക് മുകളില്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ ദൃശ്യം 3 പുറത്തിറങ്ങിയത് മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമായിരുന്നു അജയ് ദേവ്ഗണ്‍ നായകനായി ഹിന്ദിയില്‍ പുറത്തിറങ്ങിയ ദൃശ്യം 3 ദി കണ്‍ക്ലൂഷന്‍. ആദ്യ രണ്ട് ഭാഗങ്ങളും മലയാളത്തിന്റെ അതേ കണ്ടന്റ് റീമേക്ക് ചെയ്യുകയായിരുന്നെങ്കിലും മൂന്നാം ഭാഗത്തില്‍ മലയാളത്തില്‍ നിന്നും കാര്യമായ മാറ്റമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ദൃശ്യം 3 ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയെങ്കിലും ഭൂരിഭാഗം പ്രേക്ഷകരെയയും സംതൃപ്തരാക്കിയിരുന്നില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതോടെയാണ് ഹിന്ദി വേര്‍ഷനായി മലയാളികള്‍ കാത്തിരുന്നത്. മാറ്റങ്ങളോടെ തിയേറ്ററുകളിലെത്തിയ ദൃശ്യം 3 കണ്‍ക്ലൂഷന് വലിയ വരവേല്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ദൃശ്യം 3. Photo: X.com

കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇതിന് പിന്നാലെ സംവിധായകന്‍ ജീത്തു ജോസഫിന് വലിയ ട്രോളുകള്‍ ലഭിക്കുകയാണ്. രണ്ടാം ഭാഗത്തിന് ചേരുന്ന രീതിയിലാണ് ഹിന്ദിയില്‍ മൂന്നാം ഭാഗം ഒരുക്കിയതെന്നും മലയാളത്തിലേത് പോലെ ബോക്സ് ഓഫീസ് വിജയം മാത്രം മുന്നില്‍ കണ്ട് ഒരുക്കിയ കഥയല്ലെന്നുമാണ് കമന്റുകള്‍.

നാലാം ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും നല്ല കഥ ദൃശ്യം ദി കണ്‍ക്ലൂഷന്റേതാണെന്നും ആ കഥയുടെ റീമേക്ക് റൈറ്റ്സ് വാങ്ങണമെന്നുമാണ് ജീത്തുവിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമുള്ള പരിഹാസം. കല്യാണം മുടക്കല്‍ മാത്രം കാണിച്ച് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ ഹിന്ദിയിലെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചില്ലെന്നും പരിഹാസമുണ്ട്.

ദൃശ്യം 3. Photo: X.com

ഇപ്പോഴിതാ ആദ്യ ദിനത്തില്‍ ദൃശ്യം 3 ദി കണ്‍ക്ലൂഷന്റെ ബോക്‌സ് ഓഫീസ് കളക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വലിയ ഹൈപ്പിലെത്തിയ ചിത്രം ആദ്യദിനം ആഗോളതലത്തില്‍ 93 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ബോളിവുഡിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിങ് ഡേ കളക്ഷന്‍ ലഭിക്കുന്ന ചിത്രമായി ദൃശ്യം 3 മാറിയിരിക്കുകയാണ്. ബോളിവുഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണെങ്കിലും ഹിന്ദി ചിത്രങ്ങളുടെ ലിസ്റ്റില്‍ ചിത്രം നാലാം സ്ഥാനത്താണ്. അല്ലു അര്‍ജുന്റെ പുഷ്പയുടെ ഹിന്ദി വേര്‍ഷനാണ് ഈ ലിസ്റ്റില്‍ ദൃശ്യത്തിന് മുന്നിലുള്ളത്.

Content Highlight: Drishyam  3 Opening Day collection

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more