സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ വന്‍ ഹിറ്റാകാന്‍ സാധ്യതയുള്ള ചിത്രമായാണ് പലരും ദൃശ്യം 3യെ കണക്കാക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം തിയേറ്ററില്‍ മിസ്സായ രണ്ടാം ഭാഗത്തിന്റെ സകല ക്ഷീണവും ദൃശ്യം 3യിലൂടെ തീര്‍ക്കാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ടീസര്‍ റിലീസിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററാണ് പുറത്തുവിട്ടത്. ഏപ്രില്‍ 29ന് ടീസര്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ടീസര്‍ പുറത്തുവരുന്നതോടെ ഇപ്പോഴുള്ള ഹൈപ്പ് ഇരട്ടിയാകുമെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
ദൃശ്യം 3 Photo: Antony Perumbavoor/ Facebook
എന്നാല്‍ പോസ്റ്ററില്‍ പലരും ശ്രദ്ധിച്ചത് മോഹന്‍ലാലിന്റെ പോസാണ്. തന്റെ വാഴത്തോട്ടത്തില്‍ കൈയിലൊരു മണ്‍വെട്ടിയും പാത്രവുമായാണ് ജോര്‍ജുകുട്ടി നില്‍ക്കുന്നത്. എന്തോ ഒരു കാര്യത്തിലേക്ക് സൂക്ഷിച്ച് നോക്കുകയാണ് ജോര്‍ജുകുട്ടി. ഈ പോസിനെ പലരും ഡീകോഡ് ചെയ്യുന്ന പോസ്റ്റുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നിലവില്‍ മോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2നെ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന സൂചനയാണ് ഈ പോസ്റ്ററിലൂടെ നല്‍കുന്നതെന്ന് ചില പോസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. വാഴയെ അടിയോടെ വെട്ടിക്കളയാനാണ് ജോര്‍ജുകുട്ടി ശ്രമിക്കുന്നതെന്നും ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചില പോസ്റ്റുകളുണ്ട്.
വാഴ വെച്ചപ്പോള്‍ തന്നെ വെട്ടിക്കളയാനാണോ ഉദ്ദേശമെന്നും ചിലര്‍ ചോദിക്കുന്നു. വരുണിന് പകരം വേറെ ആരെയെങ്കിലും കൊന്ന് കുഴിച്ചിട്ട് നില്‍ക്കുന്ന നില്പാണോ എന്നും ചോദ്യങ്ങളുണ്ട്. ആദ്യത്തെ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഒരുക്കിയതെന്ന് സംവിധായകന്‍ പറയുമ്പോഴും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രമായിരുന്നു ദൃശ്യം 3. എന്നാല്‍ ജി.സി.സി മേഖലയിലെ യുദ്ധം കാരണം റിലീസ് മെയ് 21ലേക്ക് മാറ്റിവെക്കുകയായിരുന്നു. ദൃശ്യം 3ക്കൊപ്പം ക്ലാഷ് പ്രഖ്യാപിച്ച വാഴ 2 പറഞ്ഞ സമയത്ത് റിലീസാവുകയും ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് മോഹന്‍ലാല്‍ തൂക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
അതേസമയം റിലീസിന് മുമ്പ് തന്നെ റെക്കോഡ് ബിസിനസാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ സകല റൈറ്റ്‌സും വന്‍ തുകക്ക് ബോളിവുഡ് നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ഇത്തവണയും ജോര്‍ജുകുട്ടി രക്ഷപ്പെടുമോ എന്നത് തന്നെയാണ് പലരുടെയും ചോദ്യം.
Content Highlight: Drishyam 3 new poster decoding poster viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ