| Wednesday, 20th May 2026, 6:00 pm

ദൃശ്യം 3 പ്രീ-സെയിൽസ് 24 കോടിയിലേക്ക്; മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് ലക്ഷ്യമിട്ട് ചിത്രം

കെ.എസ് ഷാബിന

മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ‘ദൃശ്യം 3’ റിലീസിന് തൊട്ടുമുമ്പ് തന്നെ ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പാണ് നടത്തുന്നത്. മെയ് 21-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംങ് കളക്ഷൻ ഇതിനകം തന്നെ കോടികൾ പിന്നിട്ടു കഴിഞ്ഞു. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്കിടയിൽ ജോർജുകുട്ടിയും കുടുംബവും ഉണ്ടാക്കിയ തരംഗം എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

റിലീസിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, മെയ് 19 രാത്രി വരെയുള്ള കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഏകദേശം 24 കോടി രൂപയാണ് ചിത്രം പ്രീ-സെയിൽസിലൂടെ മാത്രം സ്വന്തമാക്കിയത്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 10.50 കോടി രൂപ നേടാനായി. കേരളത്തിൽ നിന്ന് മാത്രം 6.75 കോടിയോളം രൂപയാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ചത്. ഗൾഫ് രാജ്യങ്ങൾ, വടക്കേ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ വിപണികളിലും ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദൃശ്യം 3.Photo:Panorama

ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ അനുസരിച്ച്, ആദ്യ ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ആകെ അഡ്വാൻസ് ബുക്കിങ് 27 മുതൽ 30 കോടി രൂപ വരെ ഉയർന്നേക്കാം. അങ്ങനെയെങ്കിൽ, ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 40 കോടിയിലധികം രൂപ ഈ ത്രില്ലർ ചിത്രം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാലിന്റെ തന്നെ ‘എമ്പുരാൻ’ (70 കോടി രൂപ) കഴിഞ്ഞാൽ മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിംങ് കളക്ഷൻ നേടുന്ന ചിത്രമായി ‘ദൃശ്യം 3’ മാറാനാണ് സാധ്യത.

2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ ഒന്നാം ഭാഗവും കൊവിഡ് കാലത്ത് ഒടിടിയിലൂടെ റിലീസ് ചെയ്ത രണ്ടാം ഭാഗവും ഇന്ത്യൻ സിനിമയിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഈ ഫ്രാഞ്ചൈസിക്ക് പാൻ-ഇന്ത്യൻ തലത്തിൽ വലിയ സ്വീകാര്യതയുണ്ട്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, മീന, അൻസിബ, എസ്തർ എന്നിവർക്കൊപ്പം മുരളി ഗോപി, സിദ്ദിഖ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൺ സംഗീതവും നിർവ്വഹിക്കുന്നു.

ദൃശ്യം 3.Photo:The Indian Express

ആദ്യ ദിനത്തിലെ രാവിലെയുള്ള ഷോകൾക്ക് പോസിറ്റീവ് പ്രതികരണം ലഭിക്കുകയാണെങ്കിൽ ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ എഴുതിച്ചേർക്കും എന്നതിൽ സംശയമില്ല. ജോർജുകുട്ടിയുടെ അടുത്ത നീക്കം എന്താണെന്നറിയാൻ പ്രേക്ഷകരുടെ കുത്തൊഴുക്ക്‌ തന്നെയാണ് റിലീസ് ദിനത്തിൽ പ്രതീക്ഷിക്കുന്നത്.

Content Highlight :Drishyam 3 Nears Rs 24 Crore Pre-Sales

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more