| Monday, 29th September 2025, 5:31 pm

ട്വിസ്റ്റില്ലെങ്കിലും സാരമില്ല, ഈ ഷോട്ട് ഒഴിവാക്കാന്‍ പറ്റില്ല, ദൃശ്യം 3യിലും ആദ്യ രണ്ട് ഭാഗങ്ങളിലെ അതേ ഷോട്ട് ആവര്‍ത്തിച്ച് ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രമാണ് ദൃശ്യം 3. ജോര്‍ജുകുട്ടിക്കും കുടുംബത്തിനും ഇനി എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ പല തരത്തിലുള്ള ഫാന്‍ തിയറികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൊടുപുഴയില്‍ ആരംഭിച്ചിരുന്നു. മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും ദൃശ്യം 3 തിരുത്തുമെന്ന് ഉറപ്പാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ പിക് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ജോര്‍ജുകുട്ടിയും കുടുംബവും മേശക്ക് ചുറ്റുമിരുന്ന് സംസാരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇതിന് പിന്നാലെ ഈ ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ഇതേ തരത്തിലുള്ള സീന്‍ ഉണ്ടായിരുന്നു.

പിന്നാലെ മൂന്ന് ഭാഗങ്ങളിലെയും ഫോട്ടോ ഒരുമിച്ച് വെച്ചുകൊണ്ടുള്ള കൊളാഷ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫ് ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. പടത്തില്‍ ട്വിസ്റ്റ് ഇല്ലെങ്കിലും ഇങ്ങനെയൊരു ഷോട്ട് എന്തായാലും ഉണ്ടാകുമെന്ന തരത്തില്‍ പല കമന്റുകളും പിന്നാലെ വരുന്നുണ്ട്.

45 ദിവസത്തെ ഷൂട്ടാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിട്ടുള്ളത്. നാലാം ക്ലാസുകാരനായ ക്ലാസിക് ക്രിമിനലിന്റെ മൂന്നാം വരവ് പലരും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഇനിയും എന്തൊക്കെയാണ് ജോര്‍ജുകുട്ടി പ്ലാന്‍ ചെയ്തിട്ടുള്ളതെന്ന കാര്യം അറിയാന്‍ സിനിമാലോകം ഒട്ടാകെ കാത്തിരിക്കുകയാണ്.

2026ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 26നോ മറ്റോ ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. നേരത്തെ ഈ വര്‍ഷം ഡിസംബറില്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് റൂമറുകളുണ്ടായിരുന്നെങ്കിലും ജീത്തു ജോസഫ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മലയാളം വേര്‍ഷന് മുമ്പ് അജയ് ദേവ്ഗണിന്റെ ഹിന്ദി വേര്‍ഷന്‍ പുറത്തിറങ്ങുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മലയാളത്തിന് ശേഷമേ മറ്റ് വേര്‍ഷനുകള്‍ പുറത്തിറങ്ങുള്ളൂവെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതോടെ റീമേക്കെന്ന ചീത്തപ്പേര് മാറ്റുക എന്ന ബോളിവുഡ് നിര്‍മാതാക്കളുടെ ശ്രമം പാളിയെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Drishyam 3 location pic viral on Social Media

We use cookies to give you the best possible experience. Learn more