ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇന്‍ഡസ്ട്രിയുടെ തലവര തിരുത്തിക്കുറിക്കുന്ന ചിത്രമെന്ന് പലരും വിശേഷിപ്പിക്കുന്ന ദൃശ്യം 3 ഏപ്രിലിലാണ് തിയേറ്ററുകളിലെത്തുക. റിലീസിന് ഒന്നരമാസത്തോളം ബാക്കി നില്‍ക്കെ നിര്‍മാതാക്കള്‍ക്ക് വലിയ ലാഭമാണ് ചിത്രം നല്‍കിയിരിക്കുന്നത്.
തിയേറ്റര്‍, ഡിജിറ്റല്‍ റൈറ്റ്‌സ് പനോരമക്ക് നല്‍കിയതിലൂടെ വലിയൊരു തുക നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിന് ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. 30 കോടിക്ക് താഴെ ബജറ്റിലാണ് ചിത്രം പൂര്‍ത്തിയായതെന്നാണ് റിപ്പോര്‍ട്ട്. പനോരമ സ്റ്റുഡിയോസ് ചിത്രത്തിന്റെ റൈറ്റ്‌സിനായി 250 കോടിയിലേറെ നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
റിലീസിന് മുന്നേ തന്നെ ചിത്രം 200 കോടിയിലേറെ ലാഭം നേടിയിരിക്കുകയാണ്. പലരും തിയേറ്റര്‍ കളക്ഷനില്‍ 100 കോടി നേടാന്‍ പാടുപെടുമ്പോള്‍ മോഹന്‍ലാല്‍ ചിത്രം റിലീസിന് മുന്നേ 200 കോടിയിലേറെ ലാഭം സ്വന്തമാക്കിയതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇപ്പോഴിതാ ചിത്രത്തിന്റെ ഓവര്‍സീസ് റിലീസിലും പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഒരു മലയാളസിനിമക്ക് ഓവര്‍സീസില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും ഗ്രാന്‍ഡ് റിലീസാണ് ദൃശ്യം 3ക്ക് ലഭിക്കാന്‍ പോകുന്നത്.
മോഹന്‍ലാലിന്റെ എമ്പുരാന്‍ നേടിയ റെക്കോഡാണ് ദൃശ്യം 3 തകര്‍ക്കുന്നത്. ഇന്ത്യക്ക് പുറത്ത് 800നടുത്ത് സ്‌ക്രീനുകളില്‍ എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതിനെക്കാള്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ദൃശ്യം 3 പ്രദര്‍ശനത്തിനെത്തുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാം ഒത്തുവന്നാല്‍ എമ്പുരാന്‍ നേടിയ ഫസ്റ്റ് ഡേ കളക്ഷന്‍ ജോര്‍ജുകുട്ടി തകര്‍ക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഫാര്‍സ് ഫിലിംസാണ് ചിത്രത്തിന്റെ ഓവര്‍സീസ് വിതരണക്കാര്‍. പനോരമ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ഫാര്‍സ് ദൃശ്യം 3 പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജി.സി.സി, യു.എസ്.എ, യു.കെ എന്നീ മേഖലകളില്‍ ഗ്രാന്‍ഡ് റിലീസിനാണ് വിതരണക്കാര്‍ പദ്ധതിയിടുന്നത്. മലയാളസിനിമയുടെ യഥാര്‍ത്ഥ പൊട്ടന്‍ഷ്യല്‍ ദൃശ്യം 3യിലൂടെ മനസിലാകുമെന്നാണ് ആരാധകരുടെ വാദം.
കേരളത്തിലും വലിയ റിലീസിന് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നെങ്കിലും മറ്റ് സിനിമകളുമായുള്ള ക്ലാഷ് റിലീസ് വെല്ലുവിളിയായിരിക്കുകയാണ്. വിപിന്‍ ദാസ് നിര്‍മിക്കുന്ന വാഴ 2 ദൃശ്യം 3യുടെ കൂടെയാണ് റിലീസ്. ഒരാഴ്ചക്ക് ശേഷം ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിയും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. എന്നാല്‍ പോസിറ്റീവ് റിപ്പോര്‍ട്ടാണെങ്കില്‍ ഒപ്പമിറങ്ങുന്ന സിനിമകള്‍ക്കെല്ലാം ദൃശ്യം 3 വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
Content Highlight: Drishyam 3 is all set for grand release in Overseas ang it got record Overseas rights