| Thursday, 1st October 2026, 10:22 pm

ധുരന്ധറിനെ വീഴ്ത്താന്‍ വിജയ് സാല്‍ഗോന്‍കര്‍ വരുന്നുണ്ട് ; പ്രിവ്യൂ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ദൃശ്യം ദി കണ്‍ക്ലൂഷന്‍ ഷുവര്‍ ഷോട്ട് ഇന്‍ഡസ്ട്രി ഹിറ്റ്

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമാ ഫ്രാഞ്ചൈസിയാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ആരംഭിച്ച ഫ്രാഞ്ചൈസി ഭാഷാതിര്‍ത്തികള്‍ കടന്ന് വലിയ ചര്‍ച്ചയായി. എട്ടോളം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ദൃശ്യത്തിന്റെ ഹിന്ദി വേര്‍ഷനാണ് ഏറ്റവും പോപ്പുലര്‍. അജയ് ദേവ്ഗണ്‍- അഭിഷേക് പാഥക് കോമ്പോയിലൊരുങ്ങിയ ദൃശ്യമാണ് ഒറിജിനലെന്ന് പലരും ഇപ്പോഴും അവകാശപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിലെത്തുകയാണ്. ദൃശ്യം ദി കണ്‍ക്ലൂഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറടക്കം വലിയ ചര്‍ച്ചയായിരുന്നു. മലയാളത്തിന്റെ സ്‌ക്രിപ്റ്റില്‍ ഒരുപാട് മാറ്റം വരുത്തിക്കൊണ്ടാണ് ഹിന്ദി വേര്‍ഷന്‍ ഒരുക്കിയത്. ഇക്കാരണം കൊണ്ടുതന്നെ മലയാളികളും ഹിന്ദി റീമേക്കില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.


പ്രീ സെയിലിലടക്കം വലിയ മുന്നേറ്റം നടത്തുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് കണക്കുകൂട്ടല്‍. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ഇതിനോടകം 35 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. മിനിമം 60 കോടിയെങ്കിലും ആദ്യദിനം ദൃശ്യം ദി കണ്‍ക്ലൂഷന്‍ സ്വന്തമാക്കുമെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ചിത്രത്തിന്റെ പ്രിവ്യൂവിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടോപ് ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതെന്നും മലയാളം വേര്‍ഷനെക്കാള്‍ ഗംഭീരമാകുമെന്നും കമന്റുകളുണ്ട്. ദൃശ്യത്തിലൂടെ അജയ് ദേവ്ഗണ്‍ ഈ വര്‍ഷത്തെ ടോപ് ഗ്രോസര്‍ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ 1000 കോടി ചിത്രമായി ദൃശ്യം ദി കണ്‍ക്ലൂഷന്‍ മാറുമെന്നും ബോക്‌സ് ഓഫീസ് വിദഗ്ധര്‍ പ്രവചിക്കുന്നു.


200 കോടിയിലേറെ നേടിയെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് വിമര്‍ശനം നേരിടേണ്ടി വന്ന ചിത്രമായിരുന്നു മലയാളത്തിലെ ദൃശ്യം 3. ജീത്തു ജോസഫിന്റെ സീരിയല്‍ നിലവാരമുള്ള മേക്കിങ്ങും ലോജിക്കില്ലാത്ത തിരക്കഥയുമാണ് ചിത്രത്തിന് തിരിച്ചടിയായത്. മലയാളത്തെക്കാള്‍ മുന്നേ ഹിന്ദി വേര്‍ഷന്‍ അനൗണ്‍സ് ചെയ്തതെല്ലാം വലിയ വാര്‍ത്തയായിരുന്നു.

പ്രകാശ് രാജ്, ജയ്ദീപ് അഹ്‌ളാവത്ത് തുടങ്ങി പുതിയ താരങ്ങള്‍ ദൃശ്യം ദി കണ്‍ക്ലൂഷന്റെ ഭാഗമാകുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ ഷോ സ്റ്റീലറായ അക്ഷയ് ഖന്ന ഇത്തവണയില്ലാത്തത് ചെറിയ നിരാശ സമ്മാനിക്കുന്നുണ്ട്. ഷൈത്താന് ശേഷം മറ്റൊരു റീമേക്കിലൂടെ ബോക്‌സ് ഓഫീസിലെ സ്ഥാനം അജയ് ദേവ്ഗണ്‍ തിരിച്ചുപിടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Drishyam 3 Hindi version preview getting excellent reviews

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more