വമ്പന്‍ ഹൈപ്പിലും പ്രൊമോഷനിലും ഒട്ടനവധി ചിത്രങ്ങളാണ് 2026ല്‍ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ ക്യാമിയോ റോളില്‍ വമ്പന്‍ മാസ് ആക്ഷന്‍ ചിത്രം ചത്താ പച്ചയ്ക്കും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റിനും കോടികള്‍ മുടക്കി പ്രൊമോഷന്‍ ചെയ്ത അതിരടിയ്ക്കും അടക്കം വമ്പന്‍ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായി ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. അപ്രതീക്ഷിതമായി പുതുമുഖതാരങ്ങള്‍ പ്രധാനവേഷത്തിലെത്തിയ വാഴ 2വായിരുന്നു ബോക്‌സ് ഓഫീസിനെ തല കീഴായി മറിച്ചത്. തിയേറ്ററുകളില്‍ നിന്നും 200 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റടിച്ചിട്ടായിരുന്നു ചിത്രം തിയേറ്റര്‍ വിട്ടത്.
എന്നാല്‍ വാഴ 2വിന്റെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം വെട്ടിക്കുമെന്ന് പ്രേക്ഷകര്‍ ഉറച്ച് വിശ്വസിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ദൃശ്യം 3. മലയാളത്തില്‍ മിനിമം ഗ്യാരണ്ടി നല്‍കാന്‍ കെല്‍പ്പുള്ള ഒരേയൊരു നടനെന്ന് പലരും വിശ്വസിക്കുന്ന താരത്തിന്റെ സ്റ്റാര്‍ഡത്തിനൊപ്പം മലയാളത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായ ദൃശ്യം എന്ന പേരും ചേര്‍ന്നപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്താണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദൃശ്യം 3. Photo: District
ഇപ്പോഴിതാ റിലീസ് ചെയ്ത ആദ്യ വീക്കെഡില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയില്‍ റെഡ് അലര്‍ട്ട് മുഴക്കി കൊണ്ട് മുന്നേറുകയാണ് ദൃശ്യം 3. ആദ്യ ദിനങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം കാണാനായി മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍ ആരാധകരായ വീട്ടമ്മമാരും പ്രായമായവരും അടക്കം തിയേറ്ററുകളില്‍ എത്തുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം തുടരുമിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് സ്ലീപ്പര്‍ സെല്‍ ഫാന്‍സ് എന്ന പ്രയോഗത്തിന് തുടക്കം കുറിക്കുന്നത്. സാധാരണയായി തിയേറ്ററുകളിലേക്കെത്താത്തവര്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ കുടുംബസമേതം തിയേറ്ററുകളിലേക്കത്താറുണ്ട്. ഇത്തരത്തില്‍ വലിയൊരു സ്വാധീനം നാലുപതിറ്റാണ്ട് കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ടെന്നതിന്റെ നേര്‍സാക്ഷ്യമാണ് തിയേറ്ററുകളില്‍ നിന്നും കിട്ടുന്ന പ്രതികരണം.
മോഹന്‍ലാല്‍. Photo: Ott Play
വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിനം 43 കോടിയിലധികവും ചിത്രം പുറത്തിറങ്ങി മൂന്നാം ദിനത്തിലേക്കെത്തുമ്പോള്‍ 76 കോടിയും തിയേറ്ററുകളില്‍ നിന്നും ദൃശ്യം 3 സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാം ദിനം പൂര്‍ത്തിയാുമ്പോള്‍ നൂറുകോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിക്കുമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത ആഴ്ച്ചയിലും ചിത്രത്തിന് ഈ പ്രകടനം തുടരാനായാല്‍ മലയാളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കുന്ന ചിത്രമായി ദൃശ്യം 3 മാറും.
Content Highlight: Drishyam 3 gets enormous response from theatres as it about to enter 100 crore club in 3rd day