| Friday, 19th June 2026, 3:39 pm

ഡോക്ടര്‍ എനിക്ക് വരുണ്‍ കേസിലെ അഞ്ചുവിനെ പോലൊരു പ്രോബ്ലമുണ്ട്; ക്രിയേറ്റിവിറ്റിക്ക് കഞ്ഞിവെള്ളത്തിന്റെ ഉറപ്പ് പോലും ഇല്ലല്ലോ!; ട്രോള്‍

അക്ഷര

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ സിനിമകളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റായി പലരും പറഞ്ഞിരുന്നത് തിരക്കഥയുടെ കെട്ടുറപ്പും ഡീറ്റെയിലിങ്ങുമായിരുന്നു. എന്നാല്‍ ‘ദൃശ്യം 3’ ലേക്ക് എത്തിയപ്പോള്‍ ആ കെട്ടുറപ്പെല്ലാം വെറും ‘കഞ്ഞിവെള്ളത്തിന്റെ പരുവത്തില്‍’ ആയിപ്പോയോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

റിലീസിന് പിന്നാലെ ചിത്രത്തിലെ ചില സീനുകളെയും ലോജിക്കില്ലായ്മകളെയും മുന്‍നിര്‍ത്തി വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

പ്രത്യേകിച്ച്, നടി വീണ നന്ദകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സൈക്യാട്രിസ്റ്റ് സീനും, അവരുടെ തന്നെ ബക്കറ്റ് സീനുമൊക്കെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്നത്.

‘ഡോക്ടര്‍, എനിക്ക് മെന്റല്‍ പ്രശ്‌നമുണ്ട്… വരുണ്‍ കേസിലെ അഞ്ചുവിനെപ്പോലെ!’, സിനിമയിലെ ഏറ്റവും വിചിത്രമായ ഡയലോഗുകളിലൊന്നായാണ് പ്രേക്ഷകര്‍ ഇതിനെ കണക്കാക്കുന്നത്. ഒരു രോഗി സൈക്യാട്രിസ്റ്റിനെ കാണാന്‍ ചെന്നിട്ട് തന്റെ മാനസികാവസ്ഥ വിശദീകരിക്കുന്നത് ഇങ്ങനെയാണോയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

‘ഡോക്ടര്‍: എന്താ മോളെ പ്രശ്‌നം..?
രോഗി: അല്ല ഡോക്ടര്‍, എനിക്ക് മെന്റല്‍ പ്രശ്‌നം ഉണ്ട്.
ഡോക്ടര്‍: എന്ത് പ്രശ്‌നം?
രോഗി: മാഡം, വരുണ്‍ കേസില്‍ അഞ്ചുവിന് എന്തൊക്കെയോ പ്രശ്‌നം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്, അതുപോലത്തെ പ്രശ്‌നം!

പണ്ട് ‘മിഴി രണ്ടിലും’ സിനിമ ഇറങ്ങിയപ്പോള്‍ അതില്‍ കാവ്യ മാധവന്‍ ഉടുത്ത തരം സാരി വേണമെന്ന് പറഞ്ഞ് തുണിക്കടയില്‍ പോയതുപോലെയാണ്, വരുണ്‍ കേസിലെ അഞ്ചുവിന്റെ അസുഖം വേണമെന്ന് പറഞ്ഞ് ഈ കഥാപാത്രം ഡോക്ടറെ കാണാന്‍ പോകുന്നതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയിലെ ഡയലോഗിന് കഞ്ഞിവെള്ളത്തിന്റെ ഉറപ്പ് പോലും ഇല്ലേ’ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.

ചിത്രത്തിലെ പാളിച്ചകള്‍ ഈ ഡയലോഗില്‍ മാത്രം ഒതുങ്ങുന്നില്ല. വീണ നന്ദകുമാറിന്റെ തന്നെ കഥാപാത്രം രണ്ട് സീനുകളിലായി എത്തുന്ന ‘ബക്കറ്റ് സീന്‍’ വന്‍ കോമഡിയായെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഒരു പരിചയവുമില്ലാത്ത ഒരാള്‍ പെട്ടെന്ന് വീട്ടില്‍ വന്ന് വെള്ളം ചോദിക്കുമ്പോള്‍, അവരെ നേരെ വീടിന്റെ അകത്തേക്ക് വിളിച്ച് കയറ്റി വെള്ളം എടുക്കാന്‍ പറയുമോയെന്നു ഈ സീന്‍ തികച്ചും അസ്വാഭാവികമായി തോന്നിയെന്നുമാണ് പ്രതികരണങ്ങള്‍.

പുറത്ത് ഒരു ടാപ്പ് പോലുമില്ലേ? സാധാരണ ഏത് വീടിന്റെ പുറത്തും ഒരു ടാപ്പ് എങ്കിലും കാണുമെന്ന് ചിലര്‍ പറയുമ്പോള്‍ അതിനൊരു രസകരമായ മറുപടിയുമായി മറ്റു ചിലര്‍ വരുന്നുണ്ട്: ‘പുറത്തുണ്ടായിരുന്ന ടാപ്പ് തേങ്ങ വീണു പൊട്ടിപ്പോയി, അതുകൊണ്ട് അകത്തുനിന്ന് എടുത്തോളാന്‍ പറഞ്ഞു!’ എന്നാണ് ഇവരുടെ ട്രോള്‍.

ഈ തമാശകള്‍ക്കിടയിലും ചില സിനിമാ ആസ്വാദകര്‍ കണ്ടെത്തിയ മറ്റൊരു ‘ഡീറ്റെയിലിങ്’ ഉണ്ട്. ഒന്നാം ഭാഗത്തില്‍ കേസ് അന്വേഷിച്ച് ജോര്‍ജുകുട്ടിയോട് തോറ്റുപോയ എസ്.ഐ സഹദേവന്റെ ‘മണ്ടത്തരം ജീനുകള്‍’ മകള്‍ക്കും കിട്ടിയിട്ടുണ്ടെന്നും അത് കാണിക്കാന്‍ തിരക്കഥാകൃത്ത് ബോധപൂര്‍വ്വം ചെയ്ത ‘ബ്രില്ല്യന്‍സ്’ ആണ് ഈ സീനെന്നുമാണ് ചിലര്‍ പരിഹസിക്കുന്നത്!

ചിത്രം മുഴുവന്‍ ലൂപ്പ് ഹോളുകളാണെങ്കിലും, ഈ സൈക്യാട്രിസ്റ്റ് സീനും ബക്കറ്റ് സീനും സോഷ്യല്‍മീഡിയയില്‍ കീറിമുറിക്കപ്പെടുന്നുണ്ട്.

Content Highlight: Drishyam 3 clinical psychiatry scene troll

അക്ഷര

We use cookies to give you the best possible experience. Learn more