മോളിവുഡ് കണ്ടതിവല്‍ വെച്ച് ഏറ്റവും വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മെയ് 21 ന് പുറത്തിറങ്ങിയ ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ഫ്രാഞ്ചൈസിയായ ദൃശ്യം എന്ന പേരിനൊപ്പം മലയാളത്തിലെ ഏറ്റവു വലിയ സൂപ്പര്‍സ്റ്റാറും ചേര്‍ന്നപ്പോള്‍ സമാനതകളില്ലാത്ത വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് തന്നെ ചിത്രം റിലീസ് ചെയ്തതോടെ ആരാധകരും ആവേശത്തിലായിരുന്നു.
ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിക്കപ്പെടുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. ആദ്യ രണ്ട് ഭാഗങ്ങളിലും ഉണ്ടായിരുന്ന പോലെ ഒരു മൂന്നാം ഭാഗത്തിലെ ട്വിസ്റ്റും നേരത്തെ അറിയാനുള്ള ആകാംക്ഷയായിരുന്നു ഓരോ പ്രേക്ഷകനിലും. തിയേറ്ററിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിങ്ങും ചിത്രം ആരംഭിച്ചിരുന്നു.
ദൃശ്യം 3. Photo: X,com
ഇപ്പോഴിതാ തിയേറ്റര്‍ ഷോകള്‍ ഏറെക്കുറെ അവസാനിച്ച സാഹചര്യത്തില്‍ 2026ലെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം 3 മാറിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വിശ്വസിനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോഗളതലത്തില്‍ ഇതുവരെ 238 കോടിയോളം നേടിയ ചിത്രം ഈ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസിങ് മലയാളം സിനിമ എന്ന ടാഗ് ലൈനും സ്വന്തമാക്കിയിരിക്കുകയാണ്. ഹാഷിര്‍ ആന്‍ഡ് ടീം കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാഴ 2വിന്റെ റെക്കോര്‍ഡുകള്‍ വെട്ടിച്ചാണ് ദൃശ്യം 3 ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
കേരള ബോക്‌സ് ഓഫീസില്‍ നിന്നും 90 കോടിയിലധികമാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ 128 കോടിയോളം നേടിയ വാഴ 2 തന്നെയാണ് റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം കേരളത്തിന് പുറത്ത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 37 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ദൃശ്യം 3. Photo: Deccan Chronicle
ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിന്‍ നിന്നാണ് ചിത്രത്തിന്റെ ഭൂരിഭാഗം കളക്ഷനും ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള വിദേശരാജ്യങ്ങളില്‍ നിന്നും 109 കോടിയോളമാണ് ചിത്രം നേടിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനം സ്വന്തമാക്കാനും ദൃശ്യം 3യ്ക്ക് സാധിച്ചിരിക്കുകയാണ്.
Content Highlight: Drishyam 3 becomes the Highest Grossing Malayalam Movie of 2026