| Tuesday, 14th April 2026, 4:33 pm

അഞ്ച് കോടിയില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്ക്, സീരിയല്‍ ലെവല്‍ മേക്കിങ് കാരണം റീ റിലീസില്‍ ഇത്തവണ അടി തെറ്റി മോഹന്‍ലാല്‍

അമര്‍നാഥ് എം.

മോളിവുഡില്‍ തന്റെ റെക്കോഡുകളെല്ലാം സ്വയം തിരുത്തിക്കുറിക്കുന്നതിലൂടെ ഇന്‍ഡസ്ട്രിയുടെ മുഖമായി മാറിയ താരമാണ് മോഹന്‍ലാല്‍. നടനായും താരമായും മലയാളസിനിമയുടെ സിംഹാസനം സ്വന്തമാക്കിയ മോഹന്‍ലാല്‍ കൈപ്പിടിയിലൊതുക്കാത്ത റെക്കോഡുകള്‍ ബാക്കിയില്ല. പുത്തന്‍ റിലീസുകള്‍ക്കൊപ്പം റീ റിലീസുകളുടെ റെക്കോഡിലും മോഹന്‍ലാലിന്റെ അപ്രമാദിത്വമാണ്.

മലയാളത്തില്‍ ഇതുവരെ റീ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ടോപ് ഫൈവ് കളക്ഷന്‍ മോഹന്‍ലാലിന്റെ പേരിലാണ്. ദേവദൂതനാണ് റീ റിലീസില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ മലയാള ചിത്രം. 5.94 കോടിയാണ് ചിത്രം രണ്ടാംവരവില്‍ നേടിയത്. രണ്ടാം സ്ഥാനത്ത് സ്ഫടികവും മൂന്നാം സ്ഥാനത്ത് മണിച്ചിത്രത്താഴുമാണ്.

എന്നാല്‍ ഈ വര്‍ഷം റീ റിലീസിന്റെ കാര്യത്തില്‍ മോഹന്‍ലാലിന് അടിതെറ്റിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ദൃശ്യം 2ന് ഒരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചില്ല. ആദ്യമായി ബ്ഗി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന ടാഗ്‌ലൈനിലെത്തിയ ചിത്രത്തിന്റെ പല ഷോസും രണ്ടാംദിവസം തന്നെ ക്യാന്‍സല്‍ ചെയ്തു. വെറും അഞ്ച് ലക്ഷമാണ് ചിത്രത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്.

ഈ വര്‍ഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ റീ റിലീസ് പരാജയമാണ് ദൃശ്യം 2. ജനുവരിയില്‍ തിയേറ്ററുകളിലെത്തിയ റണ്‍ ബേബി റണ്‍ ഒരു ഇംപാക്ടുമുണ്ടാക്കാതെ കടന്നുപോയി. പിന്നാലെ ഉദയനാണ് താരവും റീ റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും അവസാനനിമിഷം ഷോയെല്ലാം ക്യാന്‍സലാക്കിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 2വും ഈ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.

കൊവിഡ് കാലത്ത് നേരിട്ട് ഒ.ടി.ടിയിലെത്തിയ ദൃശ്യം 2 ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചാവിഷയമായിരുന്നു. അവസാന അരമണിക്കൂറിലെ ട്വിസ്റ്റ് കൊണ്ട് ചിത്രം ഗംഭീരമായിരുന്നെങ്കിലും ആദ്യപകുതിയിലെ മേക്കിങ് വിമര്‍ശിക്കപ്പെട്ടിരുന്നു. സീരിയല്‍ ലെവല്‍ മേക്കിങ്ങാണ് ചിത്രത്തിന്റേതെന്ന് പലരും വിമര്‍ശിച്ചു. സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളുടെ അമച്വര്‍ പ്രകടനവും വിമര്‍ശനത്തിന് വിധേയമായി.

ദൃശ്യം 2ന്റെ റീ റിലീസ് ഒരു ചലനവുമുണ്ടാക്കിയില്ലെങ്കിലും ദൃശ്യത്തിന്റെ മൂന്നാം ഭാഗം വന്‍ ഹിറ്റാകുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. രണ്ടാം ഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളെല്ലാം ജീത്തു ജോസഫ് മറികടക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ മറ്റ് ചില സിനിമകളും റീ റിലീസിനൊരുങ്ങുന്നുണ്ട്. ഹലോ, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളാണ് ഇതില്‍ പ്രധാനം.

Content Highlight: Drishyam 2 collected just five lakhs from Box Office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more