| Saturday, 9th August 2025, 3:52 pm

കുടിവെള്ളം മുട്ടിച്ചു, വയല്‍ നികത്തി; ദാറുല്‍ ഹുദയിലേക്ക് സി.പി.ഐ.എം മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി സി.പി.ഐ.എം. മാലിന്യപ്രശ്‌നവും വയല്‍ നികത്തലും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ചെമ്മാട് താജ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ദാറുല്‍ ഹുദ പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു.

വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകളാണ് ദാറുല്‍ ഹുദയില്‍ താമസിക്കുന്നത്. എന്നാലിവിടെ, മതിയായ മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്നും അതിനാല്‍ തന്നെ ക്യാംപസില്‍ നിന്നുള്ള മലിന ജലം പുറത്തേക്ക് ഒഴുക്കുന്നത് പ്രദേശത്തെ കുടിവെള്ളം മലിനമാകുന്നതിന് കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍ച്ച്.

ദാറുല്‍ഹുദയില്‍ നിന്ന് ഒഴുകിയെത്തുന്ന മലിന ജനം സമീപത്തെ കിണറുകളിലും തോടുകളിലും കലരുന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും ഭീഷണിയാകുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണെന്നും സി.പി.ഐ.എം നേതാക്കള്‍ കുറ്റപ്പെടുത്തി.

വര്‍ഷങ്ങളായി ദാറുല്‍ ഹുദയില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്ന മാലിന്യം പ്രദേശത്തെ മുഴുവന്‍ ജലസ്രോതസുകളെയും മലിനമാക്കിയിരിക്കുകയാണെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പരിസരവാസികള്‍ പറഞ്ഞു. പല തവണ സ്ഥാപനമേധാവികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇക്കാരണത്താല്‍ പ്രദേശത്തെ ശുദ്ധജലലഭ്യത കുറഞ്ഞെന്നും മലിനമായ വെള്ളം ഉപയോഗിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയണ് ഇപ്പോഴെന്നും നാട്ടുകാര്‍ പറഞ്ഞു.

മാലിന്യ പ്രശ്‌നത്തിന് പുറമെ, ദാറുല്‍ഹുദയുടെ നേതൃത്വത്തില്‍ പ്രദേശത്തെ വയല്‍ മണ്ണിട്ട് നികത്തുന്നതിനെതിരെയും മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു. തിരൂരങ്ങാടിയിലെ മാനിപ്പാടം മണ്ണിട്ട് നികത്തിയാണ് ദാറുല്‍ഹുദ സ്ഥാപിച്ചിരിക്കുന്നതെന്നും സ്ഥാപനത്തിന്റെ വിപുലീകരണത്തിന്റെ ഓരോ ഘട്ടത്തിലും ഈ വയല്‍ നികത്തുന്നത് തുടരുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷി നടന്നിരുന്ന പ്രദേശമായിരുന്നു ഇതെന്നും എന്നാലിപ്പോള്‍ ഈ വയലുകളില്‍ കൃഷി അസാധ്യമായിരിക്കുന്നു എന്നും സി.പി.ഐ.എം പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തവര്‍ പറയുന്നു. വയല്‍ നികത്തുന്നത് പ്രദേശത്തെ പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും തലമുറകളായി കര്‍ഷകരുടെ ഉപജീവനമാര്‍ഗമായിരുന്നു ഈ നെല്‍പാടങ്ങളെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മതപരവും വിദ്യാഭ്യാസപരവുമായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്ഥാപനത്തിന് എങ്ങിനെയാണ് ഇത്തരത്തില്‍ പെരുമാറാനാകുന്നതെന്നും പ്രകൃതിയോടും മനുഷ്യരോടുമുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ദാറുല്‍ ഹുദ അധികാരികള്‍ മറക്കരുതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ദാറുല്‍ഹുദ വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ പ്രതികരിച്ചത്. ബഹാവുദ്ദീന്‍ നദ്‌വി മുസ്‌ലിം ലീഗിന്റെ കോളാമ്പിയാണെന്ന് പരിപാടിയില്‍ സംസാരിച്ച സി. ഇബ്രാഹിം പറഞ്ഞു.

സി.പി.ഐ.എം. തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി. കാര്‍ത്തികേയന്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി. ഇബ്രാഹീം കുട്ടി, കെ. രാമദാസ്, എം. പി. ഇസ്മായില്‍, കെ. ഉണ്ണികൃഷ്ണന്‍, നിയാസ് തയ്യില്‍, കെ.കെ ജയചന്ദ്രന്‍, പി. സാഹിര്‍, എന്നിവര്‍ സംസാരിച്ചു.

CONTENT HIGHLIGHTS: Drinking water was tapped, fields were filled; CPI(M) march to Darul Huda Islamic University

We use cookies to give you the best possible experience. Learn more