ചെന്നൈ: ബി.ജെ.പിയുടെ ഡബ്ബ എഞ്ചിനുമുന്നില്‍ ദ്രാവിഡ മോഡല്‍ സൂപ്പര്‍ ഫാസ്റ്റ് എഞ്ചിന്‍ തലകുനിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരെന്ന വാദത്തെ പരിഹസിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പോലുളള സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായ സംസ്ഥാനമാണ് തമിഴ്‌നാടെന്നും അദ്ദേഹം പറഞ്ഞു.
തിരുച്ചിയിലെ തെന്നൂര്‍ ഉഴവന്‍ സന്ധാന്‍ മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലെ വികസന മാതൃക, സാമൂഹിക നീതി ചട്ടക്കൂട്, ഭരണ ഫലങ്ങള്‍ എന്നിവ മനസിലാക്കാന്‍ ഒരാഴ്ച തമിഴ്‌നാട്ടില്‍ ചെലവഴിക്കാന്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ചെയ്തു.
തമിഴ്‌നാട് ‘തമിഴ്‌നാട്’ ആയി തന്നെ തുടരുമെന്നും ഉത്തര്‍ പ്രദേശോ മണിപ്പൂരോ പോലെ അക്രമത്തിന്റെ കാടായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ പേര് ‘ദക്ഷിണ പ്രദേശ്’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ പോലും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുളള എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുടെ മുഖം പോലെയാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
‘കേന്ദ്ര ഏജന്‍സി നടപടികളില്‍ നിന്ന് നേതൃത്വത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടി തമിഴ്‌നാടിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്തി,’ അദ്ദേഹം പറഞ്ഞു.
എ.ഐ.എ.ഡി.എം.കെയുടെ നേതാക്കള്‍ ബി.ജെ.പിയുടെ നിര്‍ബന്ധ പ്രകാരം സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ കട്ടൗട്ട് നീക്കം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് രാഷ്ട്രീയ വിധേയതത്വത്തിന്റെ ഉദാഹരമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
പൗരത്വ ഭേതഗതി നിയമത്തേയും ഇപ്പോള്‍ പിന്‍വലിക്കപ്പെട്ട കാര്‍ഷിക നിയമങ്ങളെയും എ.ഐ.എ.ഡി.എം.കെ പിന്തുണയ്ക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
ഈ നീക്കങ്ങള്‍ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി, ഉള്‍പ്പടെയുളള തന്റെ സര്‍ക്കാരിന്റെ പദ്ധതികള്‍ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനെ അവഗണിക്കുകയാണെന്നും മധുരയിലെ എയിംസിന്റെ കാലതാമസവും മെട്രോ റെയില്‍ പദ്ധതികള്‍ നിഷേധിക്കലും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ തമിഴ്‌നാട് v/s ദല്‍ഹി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വികസനം, സാമൂഹിക ഐക്യം, സംസ്ഥാന സ്വയം ഭരണം എന്നിവ ഉറപ്പാക്കാന്‍ ഡി.എം.കെ നേതൃത്വത്തിലുളള സഖ്യത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
Content Highlight:Dravidian model super fast engine will not bow down to BJP’s dabba engine: MK Stalin